കുട്ടികളെ താത്കാലികമായി ദത്തെടുക്കാന്‍ അനുവദിക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപാകതകളെന്ന് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. കണ്ണൂരില്‍ദത്തെടുത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.

കണ്ണൂര്‍ കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ നടന്ന സംഭവം പെണ്‍കുട്ടിയുടെ സഹോദരിയാണ് കൗണ്‍സിലിംഗിനിടെ വെളിപെടുത്തിയത്. തുടര്‍ന്നാണ് പ്രതി കണ്ടംകുന്ന് സ്വദേശി സി.ജി. ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യ രത്‌നകുമാരിയെയും അറസ്റ്റ് ചെയ്തു.അന്ന് പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്നാണ് അനാഥാലയത്തിലേക്ക് മടങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മൂന്ന് തവണ വിവാഹം ചെയ്തതായി കണ്ടെത്തി. ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടത്തിപ്പിലെ അപാകതകളാണ് പീഡനത്തിന് വഴിവെച്ചതെന്നാണ് ആരോപണം. ദത്തെടുത്തവരെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദശം നല്‍കിയതായും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.

ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി വളരാന്‍ സാഹചര്യമൊരുക്കുന്നതാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി. ഷോര്‍ട് ടേം, ലോങ് ടേം, അവധിക്കാല ഫോസ്റ്റര്‍ കെയര്‍ തുടങ്ങി വിവിധ തരത്തില്‍ കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ചുമതല ശിശു സംരക്ഷണ വകുപ്പിനാണ്.