ഹൈദരാബാദ്: മദ്യപിച്ച്‌ വാഹനമോടിച്ചെത്തിയ ആള്‍ പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം കൂടെയുണ്ടായിരുന്ന ഭാര്യയെയും വഴിയിലുപേക്ഷിച്ച്‌ കടന്നു കളഞ്ഞു. തെലങ്കാനയിലെ ഷംഷബാദില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകിയ സമയത്ത് ഭാര്യയെ നടുറോഡില്‍ ഉപേക്ഷിച്ച്‌ പോയ രാജു എന്നയാളെ പിന്നീട് പൊലീസ് തന്നെ കണ്ടെത്തി ഒരു കൗണ്‍സിലിംഗ് നടത്തിയാണ് വീട്ടിലേക്ക് മടക്കി അയച്ചത്.

– ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌ ശനിയാഴ്ച രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് ഭാര്യ സീതയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജു. ഇതിനിടെയാണ് പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മദ്യപിച്ചിരുന്ന രാജു ഇതോടെ പരിഭ്രാന്തനായി. ഭാര്യയെയും വാഹനവും അവിടെത്തന്നെ ഉപേക്ഷിച്ച്‌ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പട്രോളിംഗ് വാഹനം ഇയാളെ കണ്ടെത്തി മടക്കി കൊണ്ടു വരികയായിരുന്നു. അതിനുശേഷം കൗണ്‍സിലിംഗിനായി ഭാര്യക്കൊപ്പം ഷംഷദ്ബാദ് ലോ ആന്‍ഡ് ഓര്‍ഡര്‍ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തു.

രാജുവിന് വാഹനം ഓടിക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ദമ്ബതികളെ വീട്ടിലേക്ക് മടക്കി അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.