കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇതാണ്. ഏത് ആരാധകനും അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു പോരാട്ടവും വിജയവും. അതാണ് ഇന്ന് ഗോവയില്‍ കാണാന്‍ ആയത്. രണ്ടാം പകുതിയില്‍ 30 മിനുട്ടുകളോളം പത്തു പേരുമായി കളിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ തോല്‍പ്പിച്ചത് ഒരു ക്ലാസിക് പോരാട്ടത്തിലൂടെ തന്നെ ആയിരുന്നു‌. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ലീഡ് എടുത്തിട്ടും കളി കൈവിടുന്ന പതിവ് രീതിയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളി തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും മുതലെടുക്കാത്തത് കേരള ബ്ലാസ്റ്റേഴ്സിന് വിനയായേനെ. ഗാരി ഹൂപ്പറിനും ജോര്‍ദന്‍ മറെയ്ക്കും ആദ്യ പകുതിയില്‍ സുവര്‍ണ്ണാവസരങ്ങള്‍ ലഭച്ചു എങ്കിലും വല കണ്ടെത്താന്‍ ആയില്ല‌. 22ആം മിനുട്ടില്‍ കോസ്റ്റ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കിയത്. ഫകുണ്ടോ പരേര എടുത്ത ഒരു മനോഹര ഫ്രീകിക്കിക് നിന്ന് ഒരു ഹെഡറിലൂടെ ആണ് കോസ്റ്റ ഗോള്‍ നേടിയത്. ലീഡിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു. 36ആം മിനുട്ടില്‍ ആണ് ജംഷദ്പൂരിന്റെ സമനില ഗോള്‍ വന്നത്.

ഫ്രീകിക്കില്‍ നിന്ന് വാല്‍സ്കിസ് ആണ് ആല്‍ബിനോയെ കീഴ്പ്പെടുത്തിയത്. ഈ ഐ എസ് എല്‍ സീസണിലെ ആദ്യ ഡയറക്‌ട് ഫ്രീകിക്ക് ആയിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീ ഹെഡര്‍ കിട്ടി എങ്കിലും അതും മറെക്ക് ഗോളാക്കാന്‍ ആയില്ല.

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഒരു ചുവപ്പ് കാര്‍ഡും വന്നു. രണ്ട് മഞ്ഞ കാര്‍ഡുകള്‍ വാങ്ങി ലാല്‍റുവത്താര 67ആം മിനുട്ടില്‍ കളം വിട്ടു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരായിട്ടും ആക്രമണം തുടര്‍ന്നു. 79ആം മിനുട്ടില്‍ ജോര്‍ദന്‍ മറെ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കി. ഫകുണ്ടോ പെരേരയുടെ ഒരു ഷോട്ട് രെഹ്നേഷ് സേവ് ചെയ്ത് അകറ്റിയപ്പോള്‍ മറേ എളുപ്പത്തില്‍ റീബൗണ്ടിലൂടെ വല കണ്ടു.

പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും വന്നു. ഇത്തവണ രെഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍ വെറുതെ സമ്മാനിക്കുക ആയിരുന്നു. ഫകുണ്ടോ പെരേരയുടെ മിസ് പാസ് പിടിക്കുന്നതിനിടെ രെഹ്നേഷിന്റെ കയ്യില്‍ നിന്ന് പന്ത് കൈവിട്ടു പോയി. ആ പന്ത് വന്നത് മറെയുടെ കാലില്‍ ആയിരുന്നു. വീണ്ടും മറെ വല കുലുക്കി.

കളി എന്നിട്ടും ആവേശകരമാായി തുടര്‍ന്നു. മറുവശത്ത് 84ആം മിനുട്ടില്‍ വാല്‍സ്കിസിന്റെ രണ്ടാം ഗോള്‍ വന്നു. ഒരു ഹെഡറിലൂടെ ആയിരുന്നു വാല്‍സ്കിസിന്റെ ഗോള്‍. സ്കോര്‍ 3-2 ഇത് അവസാന നിമിഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വലിയ സമ്മര്‍ദ്ദത്തിലാക്കി. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിനെ വിജയം ഉറപ്പിക്കാന്‍ ആയി.

ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ 9 പോയിന്റില്‍ എത്തിച്ചു. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയം മാത്രമാണിത്. പത്തുപേരുമായി പൊരുതി നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ ഊര്‍ജ്ജം നല്‍കും. ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ പത്താം സ്ഥാനത്ത് നില്‍ക്കുകയാണ്‌. ചരിത്രത്തില്‍ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ തോല്‍പ്പിക്കുന്നത്.