ജോയിച്ചന്‍ പുതുക്കുളം
അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്റെ (നന്മ) ഈ വര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ “ജിംഗിള്‍ ബെല്‍സ് 20′ എന്ന പേരില്‍ വിവിധ കലാപരിപാടികളോടുകൂടി ജനുവരി രണ്ടാം തീയതി വൈകുന്നേരം മൂന്നു മണിക്ക് വിര്‍ച്വലായി നടത്തി.
മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പരിപാടികള്‍ വിഡിയോ സ്ട്രീമിംഗിലൂടെ യുട്യൂബ് വഴി സംപ്രേഷണം ചെയ്യുകയാണുണ്ടായത്. അസോസിയേഷന്റെ കുടുംബാംഗങ്ങളുടെ കലാപരമായ പരിപാടികള്‍ സാങ്കേതിക മികവുകൊണ്ടും അവതരണശൈലി കൊണ്ടും കണ്ണിനും മനസിനും കുളിര്‍മയായ അനുഭവമായി മാറിയതായി പ്രേക്ഷകര്‍ അറിയിച്ചു.
രാജാരവിവര്‍മ്മയുടെ അനശ്വര ചിത്രങ്ങളെ ആസ്പദമാക്കി “ഡാഫോഡില്‍സ്’ എന്ന പേരിലുള്ള കൂട്ടായ്മയൊരുക്കിയ നൃത്താവിഷ്കാരം, കൊച്ചുകുട്ടികളുടെ ഫാഷന്‍ പരേഡ്, “കലീഡിയോസ്‌കോപ്പ്’ എന്ന ഷോര്‍ട്ട് ഫിലിം, അംഗങ്ങളുടെ നൃത്തങ്ങള്‍, കുട്ടികളുടെ നാടകങ്ങള്‍, ഉപകരണ സംഗീതം, മനോഹരമായ ഗാനാലാപനങ്ങള്‍ ഇവയൊക്കെ തന്നെ പ്രായഭേദമില്ലാതെ പ്രേക്ഷകര്‍ ഒന്നടങ്കം ആസ്വദിച്ചു.
മുഴുവന്‍ പരിപാടികളേയും കോര്‍ത്തിണക്കി ഒരു കഥപറയുന്ന രീതിയിലുള്ള അവതരണമാണ് ഈവര്‍ഷത്തെ ആഘോഷങ്ങളെ വ്യത്യസ്തമാക്കിയത്. അതില്‍ ശ്രദ്ധേയമായത് പ്രോമിസ് ഫ്രാന്‍സീസും, ഭാര്യ അനു പ്രോമിസും വൃദ്ധദമ്പതികളായി നടത്തിയ അഭിനയമായിരുന്നു. അവതാരകരായ നിഷ ചാക്കോ, പ്രസില്ല കുര്യന്‍ എന്നിവരും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.