എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് മൂന്നര കോടിയില്‍ അധികം രൂപ. 3,59,93,529 രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിന് മാത്രം ചെലവഴിച്ചത് 2,63,08,345 രൂപയാണ്. മരട് നഗരസഭയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടുള്ള ചെലവുകളെ കുറിച്ച് വ്യക്തമാക്കുന്നത്.

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകള്‍ ജനുവരി 11നും ജയിന്‍ കോറല്‍ കേവ്, ഗോള്‍ഡന്‍ കായലോരം എന്നിവ 12നുമാണ് പൊളിച്ചത്. എഡിഫൈസ് എന്‍ജിനീയറിംഗ് എന്ന മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഹോളി ഫെയ്ത്ത്, കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചത്. ഇതിനായി നഗരസഭ നല്‍കിയത് 1,94,15,345 രൂപയാണ്. ആല്‍ഫ പൊളിച്ച ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍സിന് 68,93,000 രൂപയാണ് നല്‍കിയത്.

 

ഇന്‍ഷുറന്‍സ് ഇനത്തില്‍ 67,83,000 രൂപയും ഐ.ഐ.ടി മദ്രാസിന്റെ കണ്‍സള്‍ട്ടേഷന്‍, സര്‍വേ ചാര്‍ജിനുമായി 16,52,000 രൂപയും ചെലവഴിച്ചു. പരസ്യം, ടെന്‍ഡര്‍ നടപടികള്‍ക്കായി 5,03,929 രൂപയും ഫോട്ടോ, വിഡിയോഗ്രഫി തുടങ്ങിയവക്കായി 4,04,500 രൂപയും ചെലവഴിച്ചതായി രേഖകളില്‍ വ്യക്തമാക്കുന്നു.

പൊളിക്കല്‍ വിദഗ്ധനായ എസ്.ബി സര്‍വാതേയുടെ സേവനത്തിനായി നല്‍കിയത് 86,583 രൂപയാണ്. യോഗം ചേരല്‍, ലഘുഭക്ഷണം തുടങ്ങിയവക്കായി 61,614 രൂപ, പ്രിന്റിംഗ്- ഫോട്ടോസ്റ്റാറ്റ് തുടങ്ങിയവക്കായി 60,103 രൂപ, പൊളിക്കലുമായി ബന്ധപ്പെട്ട നിയമോപദേശം തേടുന്നതിനും മറ്റുമായി 23,500 രൂപ, ഗതാഗതത്തിനായി 23,560 രൂപ, അധികൃതരുടെ താമസത്തിനായി 26,655 രൂപ, എന്‍ജിനീയര്‍മാര്‍ക്കുള്ള പ്രതിഫലമായി 10,000 രൂപ, ലൈറ്റുള്‍പ്പടെ ഉപകരണങ്ങള്‍ക്കായി 4930 രൂപ എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍. മൂന്നു തവണയായി 3,74,72,430 രൂപയാണ് ധനകാര്യവകുപ്പ് വിവിധ ചെലവുകള്‍ക്കായി അനുവദിച്ചതെന്നും വിവരം.