ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലാ പ്രദേശങ്ങള്‍ കാട്ടുതീ ഭീതിയില്‍. രാത്രിയിലെ മഞ്ഞുവീഴ്ചയും പകലിലെ ചൂടും മൂലം മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. അതിര്‍ത്തി ജനവാസ മേഖലയില്‍ ഏറ്റവുമധികം പുല്‍മേടുകള്‍ ഉള്ള ഉടുമ്പന്‍ചോലയില്‍ അഗ്നിശമന സേന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വേനല്‍കാലത്ത് ഇടുക്കി ജില്ലയിലെ മൊട്ടകുന്നുകളില്‍ തീ പടര്‍ന്ന് പിടിക്കുന്നത് സാധാരണമാണ്. കമ്പംമേട് മൂങ്കിപ്പള്ളം മലനിരകള്‍ മുതല്‍ കുരുങ്ങിണി മലനിരകള്‍ വരെയുള്ള പശ്ചിമഘട്ട മലനിരകളാണ് ഏറ്റവുമധികം കാട്ടുതീ ഭീഷണി നേരിടുന്നത്. പലപ്പോഴും കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിക്കുന്ന തീ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് നെടുങ്കണ്ടം, രാമക്കല്‍മേട്, കൈലാസപ്പാറ മലനിരകള്‍, ചതുരംഗപ്പാറ തുടങ്ങിയിടങ്ങളിലാണ്.78 ചെറുതും വലുതുമായ കേസുകളാണ് നെടുങ്കണ്ടം ഫയര്‍ സ്റ്റേഷനില്‍ മാത്രം കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത്.

കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കും. കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിക്കുന്നതിനായി ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടുത്തതിന് കാരണമാകുന്നത്.