കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദനമേറ്റെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ജയിൽ ഡിഐജിയാണ് ശുപാർശ ചെയ്തത്. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡി.ഐ.ജി തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോമിനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹർജി നൽകിയതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ജയിൽ ഡി.ഐ.ജി തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ജയിൽ ഡി.ഐ.ജിയുടെ ശുപാർശ. മൂന്നു ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർക്കെതിരെയാണ് നടപടി.

സംഭവത്തെക്കുറിച്ച് ജയിൽ വകുപ്പിന്റെ വിശദീകരണം ഇങ്ങനെ; ജയിലിൽ മദ്യം കടത്തിയതിന് ടിറ്റു ഉൾപ്പെടെ നാല് പേർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. സന്ദർശകരെ അനുവദിക്കാതെയും ഫോൺ ഉപയോഗത്തിന് അനുവദിക്കാതെയുമായിരുന്നു ശിക്ഷ. എന്നാൽ മർദനത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജിയും, ഡി.എം.ഒയും ജയിലിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരുക്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ജില്ലാ ജഡ്ജിയുടെ നിർദേശ പ്രകാരം ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.