മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ആഥിപത്യം. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എടുത്തിട്ടുണ്ട്. മാർനസ് ലബുഷെയ്ൻ (47), സ്റ്റീവ് സ്മിത്ത് (29) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് 68 റൺസിൻ്റെ അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ഉയർത്തിയിട്ടുണ്ട്. ഡേവിഡ് വാർണർ (13) വിൽ പുകോവ്സ്കി (10) എന്നിവരാണ് പുറത്തായത്. നിലവിൽ 197 റൺസിൻ്റെ ലീഡ് ആണ് ഓസീസിനുള്ളത്.

ഓപ്പണർമാരെ വേഗം പുറത്താക്കിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. പുകോവ്സ്കിയെ സിറാജ് സാഹയുടെ കൈകളിൽ എത്തിച്ചപ്പോൾ വാർണർ അശ്വിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച ലബുഷെയ്ൻ-സ്മിത്ത് സഖ്യം ഇന്ത്യയുടെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തു. ക്രീസിൽ ഉറച്ചുനിന്ന ഇരുവരും അനായാസമാണ് സ്കോർബോർഡ് ചലിപ്പിച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ലബുഷെയ്ൻ കൂടുതൽ അപകടകാരിയായിരുന്നു. നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഇവരെ പുറത്താക്കിയില്ലെങ്കിൽ കളി ഇന്ത്യ പരാജയപ്പെടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

Read Also : പന്തിനും ജഡേജയ്ക്കും പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി

മത്സരത്തിൽ ഓസ്ട്രേലിയക്ക് 94 റൺസിൻ്റെ ലീഡാണ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 244 റൺസിനു പുറത്താക്കിയാണ് ആതിഥേയർ ലീഡെടുത്തത്. ഇന്ത്യക്കായി ചേതേശ്വർ പൂജാര, ശുഭ്മൻ ഗിൽ എന്നിവർ ഫിഫ്റ്റി നേടി. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ മൂന്ന് താരങ്ങൾ റണ്ണൗട്ടായപ്പോൾ അവസാന 6 വിക്കറ്റുകൾ വീണത് 49 റൺസിനാണ്. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 338 റൺസെടുത്ത് പുറത്താവുകയായിരുന്നു.