(ഫോമാ ന്യൂസ് ടീം )

ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം 2021 ജനുവരി -9 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 നു തിരുവനന്തപുറം മേയർ കുമാരി  ആര്യ രാജേന്ദ്രൻ  നിർവഹിക്കുന്നതോടെ,വരുംകാലയളവിലെ കർമ്മപരിപാടികൾക്ക്  തുടക്കം കുറിക്കും.

വനിതകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി വിവിധ കർമ്മ പദ്ധതികൾക്കാണ് സമിതി രൂപം കൊടുത്തിട്ടുള്ളത്. ആഗോളവത്കരണത്തിന്റെ പ്രതിഫലനമെന്നോണം,വികസിത-വികസ്വര രാഷ്ട്രങ്ങൾ പുരോഗമന-ജനാധിപത്യ വികസനത്തിന്റെ ഭാഗമെന്നോണം ജന്‍ഡര്‍ ബജറ്റിനെ കുറിച്ച്  ചർച്ച ചെയ്യുകയോ, ബഡ്ജറ്റിൽ തുക വകയിരുത്തകയോ ചെയ്യുന്ന കാലത്തിലാണ് നാമിപ്പോൾ.  സ്ത്രീകളുടെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാന പ്രക്രിയക്ക് കൃത്യമായ,അനുയോജ്യമായ  ധനവിനിയോഗമാണ് ഇത്തരം വകയിരുത്തലുകൾ കൊണ്ട് അർത്ഥമാക്കുന്നതെങ്കിലും, ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗര പിതാവും, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വൈസ് പ്രസിഡന്റും വനിതകൾ ആയി വാഴ്ത്തപ്പെട്ട കാലത്തിലാണ് നമ്മെളെന്നത് അഭിമാനകരമാണെങ്കിലും,  സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ ഈ കാലത്തും അവഗണിക്കാൻ കഴിയാത്തത്ര ഗൗരവമുള്ളതാണ് എന്ന്  തിരിച്ചറിഞ്ഞ്,  സ്ത്രീ ശാക്തീകരണത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങും തണലുമായ ഫോമയുടെ വനിതാ വിഭാഗമെന്ന നിലയിൽ  ക്ഷേമ പ്രവർത്തനങ്ങൾക് മുൻകൈയെടുക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മറ്റിയിൽ നിക്ഷിപ്തമായിട്ടുള്ളത്.

മധ്യവയസ്കരായ  സ്ത്രീകൾ കുടുംബങ്ങളുടെയും കൊച്ചുമക്കളുടെയും ലോകത്തിൽ മാത്രമായി ഒതുങ്ങിപ്പോവാതെ,വീട്ടമ്മവല്‍ക്കരണത്തിന്‍റെ സമവാക്യങ്ങളിൽ നിന്നും വേർപെടുത്തി, അവരെ കർമനിരതരാക്കാനും, അവരുടെ ജീവിതത്തിൽ ഊർജസ്വലതയുടെ വെളിച്ചം നിറച്ചു കൂടുതൽ സന്തോഷ പ്രദമാക്കാനും ഉതകുന്ന പദ്ധതികൾ നടപ്പിലാക്കാൻ വനിതാ സമിതി ലക്ഷ്യം വെക്കുന്നു.

വിദ്യാഭാസം  ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികാസത്തെയാണ് ലക്‌ഷ്യം വെക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ വികാസം മാത്രമല്ല വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രത്യുത സമൂഹത്തിന്റെ വികാസവും അത് ലക്ഷ്യം വെക്കുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസ മുന്നേറ്റമുള്ള രാഷ്ട്രങ്ങൾ പുരോഗതിയിൽ മുന്നിട്ട് നിൽക്കുന്നത്. ഈ യാഥാർഥ്യം മുന്നിൽ കണ്ടാണ് വനിതാ സമിതി വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി സാമ്പത്തിക സഹായ പദ്ധതികൾ നടപ്പിലാക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.

സാംസ്കാരിക രംഗങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വികസനങ്ങളുടെ വിധിനിർണ്ണയ  പ്രക്രിയയിൽ വനിതകളും ഭാഗഭാക്കാകുക എന്നത് പരമപ്രധാനമാണ്. ആയതിനാൽ സ്ത്രീകൾക്കും,പെൺകുട്ടികൾക്കുമായി അവരുടെ പ്രതിഭകളെ പരിപോഷിപ്പിക്കാനും ആശയ സംവാദത്തിനും, ചരിത്രത്തിന്റെ പട്ടുതൂവാലകളിൽ അടയാളപ്പെടുത്തലുകൾ തീർക്കാനും കഴിയുന്ന കലാപരിപാടികളും, വേദികളും ഒരുക്കാൻ ഈ കമ്മറ്റി പ്രതിജ്ഞാബദ്ധമായിരിക്കും.

ഝാൻസി റാണിയുടെയും, ഉമയമ്മ റാണിയുടെയും,, ഇളയിടത്തു തമ്പുരാട്ടിയുടെയും, എന്തിനു, സിരിമാവോ ഭണ്ടാരനായകെയുടെയും, ഇന്ദിരാഗാന്ധിയുടെയും, പിൻതലമുറയിൽ പെട്ട വീരാംഗനകൾ  കൊളോണിയലിസത്തിലെ അസമത്വങ്ങളോട് കലഹിച്ചുകൊണ്ടാണ് പുത്തൻ രാഷ്ട്രീയ-സാംസ്കാരിക  ചിന്താധാരകൾക്ക് നേതൃത്വം നൽകിയത്. അവർ ഈ നൂറ്റാണ്ടിലെ വനിതകൾക്ക് ആവേശകരമായ സന്ദേശങ്ങൾ നൽകിയാണ് മണ്മറഞ്ഞത്. അവർ നൽകിയ ഊർജ്ജവും, സാരോപദേശങ്ങളും ഉൾക്കൊണ്ടു, പുരോഗതിയുടെ നവീന സംസ്കൃതിക്ക് ഉരകല്ലാകുക എന്നത് ചെറുതല്ലാത്ത സംഭാവനയാണെന്ന് വിശ്വസിക്കുന്നു.

സമൂഹത്തിലും, കുടുംബത്തിലും ഒരു സ്ത്രീയുടെ മഹനീയതയുടെ അളവുകോൽ അവളുടെ സംഭാവനകളെക്കാൾ വിനിയോഗിക്കപ്പെടുന്ന സമയത്തെ അടിസ്ഥാനമാക്കിയാകുമ്പോഴാണ് അസാരസ്യങ്ങൾ രൂപപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ മഹനീയത ഉയർത്തിപ്പിടിച്ചും, സ്ത്രീകളുടെ സംഭാവനകളെ പരിഗണിച്ചും  ഊഷ്മളതയുടെ സമവാക്യങ്ങൾ എഴുതിചേർക്കുന്ന നിയമസഹായം നൽകുന്നതിനും ഈ  കമ്മറ്റി ഊന്നൽ നൽകുന്നു.

സാമൂഹ്യമാറ്റത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650  ൽ ചേർന്ന്  എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നും, വരുംകാല പ്രവർത്തനങ്ങളിൽ ഫോമയോടൊപ്പം കൈകോർത്ത്  വനിതാ ദേശീയ സമിതിയുടെ പ്രവർത്തന പങ്കാളികളാകാൻ  വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്‌ഥിക്കുന്നു.