നിയമസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ ഭിന്നശേഷിക്കാര്‍ 80 വയസ്സു കഴിഞ്ഞവര്‍ എന്നീ മൂന്നു വിഭാഗത്തിന് തപാല്‍വോട്ട് സൗകര്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലായിരിക്കും കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

കോവിഡ് ജാഗ്രത പാലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കര്‍മപദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഒരാഴ്ചയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ ആരോഗ്യവകുപ്പ് കര്‍മപദ്ധതി തയ്യാറാക്കും.

തപാല്‍വോട്ട് സൗകര്യം ആഗ്രഹിക്കുന്നവര്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണം.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാനതലം മുതല്‍ ബൂത്തുതലം വരെ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.