അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടിയല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഒരു മലയാളി സെഞ്ച്വറിത്തിളക്കം. തലശേരിക്കാരനായ ചുണ്ടങ്ങാപ്പൊയില്‍ റിസ്‌വാന്‍ എന്ന മലയാളിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ യുഎഇയ്ക്ക് മിന്നുന്ന വിജയം.

അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് യുഎഇയുടെ അയര്‍ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ, റിസ്‌വാന്റെ സെഞ്ചുറി മികവില്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ യുഎഇ 1-0ന് മുന്നിലെത്തി. വണ്‍ഡൗണായി ഇറങ്ങി 136 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്സും സഹിതം 109 റണ്‍സെടുത്ത റിസ്‌വാനാണ് മാന്‍ ഓഫ് ദി മാച്ചും.