അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ പ്രതിപക്ഷം ഇടതുപക്ഷ വിരുദ്ധത ഉത്പാദിപ്പിക്കാൻ ശ്രമിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷത്തിന്റെ പ്രചാരവേലയെ കേന്ദ്ര ഏജൻസികൾ സഹായിച്ചുവെന്നും കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങളായി മാറിയെന്നും എ വിജയരാഘവൻ ആരോപിച്ചു.

ജനങ്ങൾ രാഷ്ടീയ പ്രചാരവേലയ്ക്ക് പിന്തുണ നൽകിയില്ല. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ഏജൻസികളുടെ ശബ്ദം കേട്ടിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യം മനസിലാക്കി കേന്ദ്ര ഏജൻസികൾ സജീവമായെന്നും ഓരോ ദിവസവും ഓരോ കഥകൾ പ്രചരിപ്പിക്കുന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് കേരളത്തിലേത്. കേന്ദ്ര ഏജൻസികളുടെത് സമാന്തര ഭരണത്തിനുള്ള ശ്രമമാണെന്നും ഇത് ജനാധിപത്യത്തിന് എതിരാണെന്നും വിജയരാഘവൻ പറഞ്ഞു. ബിജെപിയേയും പ്രതിപക്ഷത്തെയും സഹായിക്കാനാണിത്. കേന്ദ്ര ഏജൻസികളെ തുറന്നു കാണിക്കേണ്ടി വരുമെന്നും ബിജെപി ഇതര സർക്കാരുകൾക്കെതിരെ കേന്ദ്ര ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.

മുന്നണിക്ക് എൻസിപിയുമായുള്ള ബന്ധത്തെ കുറിച്ചും എ വിജയരാഘവൻ പറഞ്ഞു. എൻസിപിയുമായി നല്ല സൗഹൃദത്തിലാണെന്നും ഒരു ഘട്ടത്തിലും ഇളക്കം തട്ടിയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി അഹിതമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് പാർട്ടിയെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു