ഉത്തരധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ വിമാനം പറത്താൻ തയാറെടുത്ത് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റർ നീളുന്ന യാത്രയ്ക്ക് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്.

ബോയിങ് 777 വിമാനത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളാണ് യാത്രാ സംഘത്തിന് നേതൃത്വം നൽകുന്നത്. ക്യാപ്റ്റന്മാരായ തന്മയ് പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരാണ് യാത്രയിൽ സോയ അഗർവാളിനൊപ്പമുള്ളത്

സാങ്കേതികവും വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ള യാത്രയ്ക്ക് സാധാരണ വൈദഗ്ധ്യമുള്ള പൈലറ്റുമാരെയാണ് കമ്പനികൾ നിയോഗിക്കുന്നത്. എന്നാൽ, ഇക്കുറി ഈ ദൗത്യം വനിതാ പൈലറ്റുമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ വിമാനം പറത്താൻ ലഭിച്ചിരിക്കുന്നത് ഒരു സുവർണാവസരമാണെന്ന് എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ പറഞ്ഞു.