പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ആലപ്പുഴയില്‍ ജാഗ്രത തുടരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പത്ത് ദ്രുതകര്‍മ്മസേന വിഭാഗത്തെ കൂടി നിയോഗിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ പക്ഷിപ്പനിയുടെ സ്ഥിതിയും പരിശോധിക്കും.

മൂന്നു ദിവസമെടുത്താണ് പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയാക്കിയത്. കോട്ടയത്തും ആലപ്പുഴയിലുമായി 49497 പക്ഷികളെ കൊന്നൊടുക്കി. പ്രഭവകേന്ദ്രങ്ങള്‍ ഇന്ന് അണുവിമുക്തമാക്കും. മറ്റിടങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോയെന്നറിയാന്‍ നിരീക്ഷണം ശക്തമാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

രോഗബാധയുണ്ടായ പ്രദേശത്തെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണം തുടരുകയാണ്. ഇപ്പോഴത്തെ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കില്ലെങ്കിലും ജനിതകമാറ്റമുണ്ടായാല്‍ പടര്‍ന്നേക്കാം. ഇന്നലെ ആലപ്പുഴയിലെത്തിയ മൂന്നംഗകേന്ദ്രസംഘം ഈ സാധ്യതയാണ് പരിശോധിച്ചത്. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്നലെ രാത്രി കേരളത്തിലെത്തിയ കേന്ദ്രസംഘവും പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തും