കൊച്ചി: ട്രായ് കണക്കുകള്‍ പ്രകാരം, ഡിസംബറിലും ഉപയോക്താക്കള്‍ക്ക് മികച്ച കോള്‍ നിലവാര സേവനം നല്‍കുന്നത് തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്‌കെയിലില്‍, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ കോള്‍ നിലവാരത്തിന് ശരാശരി 4.8 റേറ്റിങാണ് ഡിസംബറില്‍ ഐഡിയക്ക് ലഭിച്ചത്. തൃപ്തികരമായ സേവനത്തിന് 95.95% റേറ്റിങും ഡിസംബറില്‍ ലഭിച്ചതായി ഐഡിയ അറിയിച്ചു.
ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കോളുകള്‍ക്ക് നവംബറില്‍ യഥാക്രമം 4.9, 4.8 റേറ്റിങ് നേടിയ ഐഡിയ, ഉയര്‍ന്ന നിലവാരമുള്ള വോയ്സ് കോളുകളുടെ കാര്യത്തില്‍ സ്ഥിരമായ പ്രകടനമാണ് നടത്തുന്നത്. ശരാശരി 4.3 വോയ്സ് ക്വാളിറ്റി റേറ്റിങും 85.05 ശതമാനം തൃപ്തികരമായ റേറ്റിങും നേടിയ വോഡഫോണ്‍ ട്രായ് ചാര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ഈ രംഗത്ത് വോഡഫോണും ഐഡിയയും മാത്രമാണ് തുടര്‍ച്ചയായി രണ്ട് മാസവും റേറ്റിങില്‍ നാലിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള മൊബൈല്‍ ഉപയോക്താക്കളുടെ ട്രായ് മൈകോള്‍  ആപ്ലിക്കേഷന്റെ ഉപയോഗം അടിസ്ഥാനമാക്കിയുള്ളതാണ് മൈകോള്‍  പോര്‍ട്ടലിലെ ഡാറ്റ. ഉപയോക്താക്കള്‍ ഈ ആപ്ലിക്കേഷനില്‍ നല്‍കുന്ന വോയ്സ് കോള്‍ ഗുണനിലവാര പ്രതികരണങ്ങളാണ് ഇതില്‍ പ്രധാനം.