ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പൗരോഹിത്യത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കത്തീഡ്രലില്‍ പിതാവിന്റെ നേതൃത്വത്തില്‍ ജനുവരി അഞ്ചാം തീയതി പൗരോഹിത്യത്തിന്റെ വാര്‍ഷികദിനത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതയിലെ പന്ത്രണ്ടോളം വൈദീകര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്കുശേഷം വികാരി ഫാ. തോമസ് കടുകപ്പള്ളിയിലും കൈക്കാരന്മാരും ചേര്‍ന്ന് പിതാവിന് ബൊക്കെ നല്‍കി ആദരിക്കുകയുണ്ടായി. പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. പോള്‍ ചൂരതൊട്ടിയിലിനേയും, മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളിയേയും, ഫാ. ആന്റണി പിട്ടാപ്പള്ളിയേയും പ്രത്യേകം അനുമോദിക്കുയുണ്ടായി.
അങ്ങാടിയത്ത് പിതാവ് തന്റെ പൗരോഹിത്യത്തിന്റെ സിംഹഭാഗവും അമേരിക്കയിലെ വിശ്വാസി സമൂഹത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നത് പ്രത്യേകം അനുസ്മരിക്കേണ്ടതാണ്. പിതാവിന്റെ ശ്രമഫലമായി 45 ഇടവക ദേവാലയങ്ങളും അത്രയും തന്നെ മിഷനുകളും സ്ഥാപിക്കപ്പെട്ടുവെന്നതും ചാരിതാര്‍ത്ഥ്യജനകമാണ്. വി. കുര്‍ബാനയ്ക്കുശേഷം നടന്ന സ്‌നേഹവിരുന്നില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.