കൊച്ചി: സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.

സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പോലീസിനോടാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്‌നയ്ക്ക് മേല്‍ ഭീഷണിയുണ്ടെന്ന് നെയ്യാറ്റിന്‍കര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ് ഫോര്‍ട്ട് സിഐയോട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. സ്വപ്നയെ ജയിലില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.