സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ ഒരുക്കങ്ങൾ പൂർത്തിയായി. 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടക്കുക. രാവിലെ ഒൻപത് മുതൽ പതിനൊന്ന് മണിവരെയാണ് ഡ്രൈ റൺ.
ജില്ലകളിലെ മെഡിക്കൽ കോളജ്/ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. ഒാരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവർത്തകർ വീതം ഉണ്ടാകും. രജിസ്ട്രേഷൻ ഉൾപ്പെടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചാണ് ഡ്രൈ റൺ നടക്കുന്നത്.
വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തേ കേന്ദ്രം നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മുന്നണി പ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ എന്നിങ്ങനെ ക്രമത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക. ഈ മാസം 13ന് രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.