സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘം പരിശോധന തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ധ ഡോ. രുചി ജയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്ര സംഘമാണ് പരിശോധന നടത്തുന്നത്. രോഗ ബാധിത മേഖലകള്‍ സംഘം സന്ദര്‍ശിച്ചു.

രാവിലെ പത്തരയോടെയാണ് പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സംഘം ആലപ്പുഴയില്‍ എത്തിയത്. രുചി ജയിനെ കൂടാതെ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ഡോക്ടര്‍ ശൈലേഷ് പവാര്‍, ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരാണ് സംഘത്തിലുള്ളത്.

 

അതേസമയം ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇന്ന് കൊണ്ട് കള്ളിംഗ് പൂര്‍ത്തിയാക്കി ഈ പ്രദേശങ്ങളില്‍ അണുനശീകരണം നടത്തും. രോഗം സ്ഥിരീകരിച്ച മേഖലകള്‍ക്ക് ചുറ്റുമുള്ള പത്ത് കിലോമീറ്റര്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം തുടരുകയാണ്.

കൂടാതെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വിലയിരുത്തല്‍.