സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുള്ള മാർഗം നിർദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവിൽ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. അതേ സമയം തന്നെ, ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങൾക്കുള്ള മാർഗനിർദേശം പുറത്തിറക്കിയത്. നിലവിൽ കണ്ടെത്തിയിട്ടുള്ള H5 N8 വിഭാഗത്തിൽ പെട്ട വൈറസ് അതിതീവ്ര സ്വഭാവമുള്ളതാണെങ്കിലും 60 ഡിഗ്രി സെൻ്റി ഗ്രേഡിൽ ചൂടാക്കുമ്പോൾ നശിച്ച് പോകുമെന്നുള്ളത് കൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ.

 

അതേ സമയം, രോഗം സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെയും ഇവയുടെ കഷ്ടവുമെല്ലാം നീക്കം ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം.

ദേശാടന പക്ഷികൾ വഴിയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെതെന്നാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. നിലവിലെ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണെങ്കിലും ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത മൃഗസംരക്ഷണ വകുപ്പ്‌ തള്ളുന്നില്ല