കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. നാളെ രാജ്യത്തെ എല്ലാ ജില്ലകളിലും മുന്നാം ഘട്ട ഡ്രൈ റണ്‍ നടക്കും.

ജനുവരി 13 ന് ആരംഭിക്കുന്ന വാക്‌സിന്‍ വിതരണ പ്രക്രിയയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ ഇന്നത്തെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. കൂടാതെ നാളെ നടക്കുന്ന മൂന്നാംഘട്ട ഡ്രൈ റണിലെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഹരിയാന, ഉത്തര്‍പ്രദേശ് ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുക. മൂന്നാം ഘട്ട ഡ്രൈ റണ്‍ ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നതാണ്.

 

അതേസമയം കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ മേധാവി ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പിന്തുണ നല്‍കുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത്.