തിരുവനന്തപുരം കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. തമിഴ്നാട് ചെന്നൈ സ്വദേശി ശിഹാബുദീനാണ് പിടിയിലായത്.

ചെന്നൈ വിമാനത്താവളത്തിൽവച്ച് എൻഐഎ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഖത്തറിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നാടുകടത്തിയിരുന്നു. പ്രതികൾക്ക് തോക്കും തിരകളും എത്തിച്ചു നൽകിയത് ശിഹാബു​ദീനാണെന്നാണ് എൻഐഎ പറയുന്നത്.

കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റില്‍ രാത്രിഡ്യൂട്ടിക്കിടെയാണ് എഎസ്ഐ വില്‍സണെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.