ഉത്തർപ്രദേശിൽ അം​ഗനവാടി ജീവനക്കാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോ​ഗി സർക്കാരിനെ വിമർ‌ശിച്ച് പ്രിയങ്ക ​ഗാന്ധി. സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് തുടർച്ചയായി വീഴ്ച സംഭവിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹത്റാസ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയും തുടക്കത്തിൽ യോഗി സർക്കാർ കേട്ടില്ല. അംഗനവാടി ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

ജനുവരി മൂന്നാം തീയതിയാണ് ഉത്തർപ്രദേശിലെ ബദ്വാർ ജില്ലയിൽ 50കാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോ​ഹിതനും മറ്റ് രണ്ട് പേരും ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. കിണറ്റിൽ വീണ് മരിച്ചുവെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ സ്ഥലം വിടുകയും ചെയ്തു. പുരോഹിതന്റേയും കൂടെയുണ്ടായിരുന്നവരുടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലിസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയും ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാകുകയും ചെയ്തു.

സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തതായി ബദ്വാൻ ജില്ലാ പൊലീസ് മേധാവി അറിയിച്ചു