വിശ്വം നിറയും സ്‌നേഹമാണീശന്‍
സ്‌നേഹം നിറയും മനം വെളിച്ചമേകിടും
സ്‌നേഹനാളങ്ങളണയാതെ കാത്തിടുകില്‍
പുലര്‍കാല താരകങ്ങളേക്കാള്‍ ശോഭയേകും

സ്‌നേഹഭാഷയില്‍ തര്‍ക്കങ്ങളില്ല
ഭീകരവാദങ്ങളില്ല ജാതിമതചിന്തകളില്ല
വര്‍ഗവര്‍ണ വൈര്യങ്ങളില്ല
ഞാനെന്ന ഭാവവുമില്ല

സ്‌നേഹനാളത്തില്‍ യുക്തിയും ബുദ്ധിയും
സിദ്ധിയും ജ്ഞാനവും ലയിച്ചീടുമ്പോള്‍
കൃപാസാഗരമാം അഭൗമശില്‍പിയെ
മുഖാമുഖം ദര്‍ശിച്ചിടും

ഈശ്വരചിന്തയില്‍ ലയിച്ചിടും മനുഷ്യര്‍
തീവ്രവാദികളല്ലെങ്കിലും
സ്‌നേഹശൂന്യമാം മനസുകള്‍
വികൃതമാക്കിടും ലോകം

ഹൃദയാന്തരങ്ങളില്‍ സാത്താനെ പൂജിച്ച്
ദേവാലയങ്ങളില്‍ അഭിനവഭക്തരായി
അധികാരം പങ്കിടും
കരുണനിലാവില്ലാത്ത ദുഷ്ടജന്മങ്ങള്‍

ആന്തരികലോകം നരകമാക്കി ബാഹ്യലോകം
സ്വര്‍ഗമാക്കാന്‍ തത്രപ്പെടുന്നവര്‍
ആള്‍ക്കൂട്ട സംഗമങ്ങളില്‍
വൈരത്തിന്‍ വിഷം ദംശിച്ചിടും

സദാചാരസങ്കല്പങ്ങളാം വ്യര്‍ത്ഥതയില്‍
ജീവിക്കും മനുഷ്യന്‍
സ്ത്രീയെ വരുതിക്കു നിര്‍ത്താന്‍ വിടരുംമുമ്പേ
പിഞ്ചുപൈതലിനെ ചേലാകര്‍മ്മം ചെയ്തിടുന്നു
അവളുടെയുള്ളിലെ നീറ്റല് കാണാത്ത
ആണധികാരത്തിന്‍ കാടത്തം
പ്രാകൃതസംസ്‌ക്കാരത്തിന്‍ ശുംഭന്‍മാരിവര്‍
പ്രാകൃതസംസ്‌കാരത്തിന്‍ ശുംഭന്‍മാര്‍

പ്രക്ഷുബ്ധമാം ജീവിതസാഗരത്തില്‍
സൗഹൃദഗ്രാമസംസ്‌കാരം മറന്ന്
കപടനാഗരികതയെ പുല്‍കിയവരിന്ന്
ഓര്‍മകളാം അലയൊതുങ്ങുമ്പോള്‍
കാലത്തിന്‍ ഇഴപിരിച്ചെടുക്കാനാവാതെ
ആത്മീയ ദാഹശമനത്തിനായി നോട്ടോട്ടമോടി
കപടാത്മീയവാദികലളിലഭയം തേടിടുന്നു

ലോകമാം വിദ്യാലയത്തില്‍
സ്‌നേഹത്യാഗ സഹനകര്‍മങ്ങളാല്‍
ജീവിതം നയിക്കുന്നവര്‍
സ്‌നേഹത്തിന്‍ സുഗന്ധമായി
ഈശ്വരോദ്യാനമാം പ്രപഞ്ചത്തില്‍
ദിവ്യകുസുമങ്ങളായി ശോഭിച്ചിടും.