ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: 2022 ഫ്‌ലോറിഡയിലെ ഒർലാൻഡോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ ആയി ന്യൂയോർക്കിൽ നിന്നുള്ള ഫൊക്കാനയിലെ സീനിയർ വനിതാ നേതാവ് ലീല മാരേട്ടിനെയും കൺവീനർ ആയി ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോയി ചാക്കപ്പനെയും തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

ഫൊക്കാനയുടെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ലീല മാരേട്ട് ഫൊക്കാന ട്രഷറർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർപേഴ്സൺ, വിമൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. വിവിധ സാമൂഹിക-സാമുദായിക- രാഷ്ട്രീയ മേഖലകളിൽ നേതൃത്വം വഹിച്ചിട്ടുള്ള ലീല മാരേട്ട് ഒരു മികച്ച സംഘാടകയുമാണ്. മുൻപ് ഫൊക്കാനയുടെ നിരവധി കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുള്ള ലീല വിവിധ സംഘാടകദൗത്യങ്ങളും നിർവഹിച്ചിട്ടുണ്ട്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് മുൻ പ്രസിഡണ്ട് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ലീല ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐ. ഒ .സി) കേരള ചാപ്റ്റർ പ്രസിഡണ്ട് ആയും സേവങ്ങൾ ചെയ്യുന്നു.

ഫൊക്കാനയുടെ ന്യൂജേഴ്‌സിയിൽ നടക്കാനിരുന്ന കൺവെൻഷൻ ചെയർമാൻ ആയിരുന്ന ജോയി ചാക്കപ്പൻ ഫൊക്കാനയുടെ ഒരു സജീവ പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിൽ ഒരു മികച്ച കൺവെൻഷൻ നടത്തുന്നതിന് അണിയറയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരെയാണ് കോവിഡ് മഹാമാരി മൂലം കൺവെൻഷൻ റദ്ദ് ചെയ്യേണ്ടി വന്നത്. ന്യൂജേഴ്‌സിയിലെ കേരള കൾച്ചറൽ ഫോറ(കെ.സി.എഫ് )ത്തിന്റെ സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ കെ.സി.എഫിൽ വിവിധ നേതൃനിരകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒർലാൻഡോ കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ആയുള്ള ലീല മാരേട്ടിന്റെയും കൺവീനറായുള്ള ജോയി ചാക്കപ്പനെയും നിയമനത്തെ കൺവെൻഷൻ നാഷണൽ ചെയർമാൻ ചാക്കോ കുര്യൻ, കോചെയർമാരായ ജോൺ കല്ലോലിക്കൽ , ലിബി ഇടിക്കുള എന്നിവർ സ്വാഗതം ചെയ്തു. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് ചുക്കാൻ പിടിക്കാൻ ഇരുവരുടെയും പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ആയി നിയമിക്കപ്പെട്ട ലീല മാരേട്ടിനെയും നാഷണൽ കൺവീനർ ആയി തെരെഞ്ഞെടുക്കപ്പെട്ട ജോയി ചാക്കപ്പനെയും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ അഭിനന്ദിച്ചു.