തിരുവനന്തപുരം ബീമാപളളി മൊത്ത വില്പന കേന്ദ്രത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പൊലീസ് പിടികൂടി. ബീമാപളളിയ്ക്ക് സമീപം വെല്‍ക്കം സ്റ്റോര്‍ എന്ന കടയില്‍ നിന്നാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) ടീമിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തത്. കടയുടമയായ വളളക്കടവ് ബദറുദ്ദീന്‍ ബില്‍ഡിംഗ്‌സില്‍ മാഹീന്‍ (35)-നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന ലോറികളില്‍ ഒളിപ്പിച്ചാണ് പുകയില ഉല്പന്നങ്ങള്‍ കടത്തിക്കൊണ്ട് വരുന്നത്.

തിരുവനന്തപുരം നഗരത്തിലെ കടക്കാര്‍ക്ക് വന്‍തോതില്‍ പകയില ഉല്പന്നങ്ങള്‍ മൊത്തവില്‍പ്പന നടത്തി വന്നിരുന്ന മാഹീനെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ പൂന്തുറ പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ റെയ്ഡിലാണ് 21 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്തത്.