കേന്ദ്രസർക്കാരുമായി എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ, വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ. ദേശ് ജാഗരൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിന് ഇന്ന് തുടക്കമിടും. ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. കർഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ അതിർത്തി മേഖലകളിൽ സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് കർഷക സംഘടനകളുടെ നീക്കം. സിംഗു, തിക്രി എന്നിവ അടക്കം ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. ചർച്ച പരാജയപ്പെട്ടാൽ ജനുവരി 26ന് ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിയുടെ ഡ്രസ് റിഹേഴ്സൽ ആയിരിക്കും വ്യാഴാഴ്ച നടക്കുകയെന്ന് കർഷക സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഹരിയാനയിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും കുറഞ്ഞത് പത്ത് ട്രാക്ടറുകൾ പങ്കെടുക്കും. ഇന്ന് മുതൽ ഈമാസം ഇരുപത് വരെ രാജ്യവ്യാപകമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ കേന്ദ്രസർക്കാരിന് മറ്റ് വഴികളില്ലെന്ന് കർഷകർ വ്യക്തമാക്കി.

രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ സമരം തുടരുന്ന ആയിരകണക്കിന് കർഷകർ ഇന്ന് ഡൽഹിക്ക് തിരിച്ചേക്കും. നേരത്തെ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഒരുസംഘം കർഷകർ മുന്നോട്ടുനീങ്ങിയിരുന്നു. ഇവരെ പിന്നീട് ഹരിയാനയിലെ റെവാഡിയിൽ പൊലീസ് തടയുകയും ചെയ്തു.