കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ വ്യാഴാഴ്ച ട്രാക്ടര്‍ റാലി നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപകമായി ക്യാമ്പയിന്‍ നടത്തും. കടുത്ത ശൈത്യത്തിലും പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, പഞ്ചാബിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്രസര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ച വെള്ളിയാഴ്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കുണ്ഡ്‌ലി അടക്കം ഡല്‍ഹിയുടെ നാല് പ്രധാന അതിര്‍ത്തികളില്‍ മറ്റന്നാള്‍ ട്രാക്ടര്‍ റാലി നടത്തും. മഴ കനക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടര്‍ന്നാണ് നാളെ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മറ്റന്നാളത്തേക്ക് മാറ്റിയത്. ജനുവരി 26ന് ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലിയുടെ ഡ്രസ് റിഹേഴ്‌സല്‍ ആയിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ ഹരിയാനയിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും കുറഞ്ഞത് പത്ത് ട്രാക്ടറുകള്‍ പങ്കെടുക്കും. നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്നും, പ്രതിഷേധം ശക്തമാക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് നാല് ദിവസത്തെ ഇടവേളയെന്തിനെന്ന് ആരാഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.