കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. അണുബാധയേറ്റതാവാം മരണ കാരണമെന്ന് എസ്എടി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഊഴാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന് പിന്നിലെ പറമ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

ആദ്യഘട്ടത്തിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വൈകീട്ടോടെ ആരോഗ്യ നില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.