ജനുവരി 11 മുതല്‍ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ അഞ്ചു മണി മുതല്‍ റിക്രൂട്ട്‌മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ രാവിലെ മൂന്ന് മണിമുതല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകള്‍ സര്‍വ്വീസ് നടത്തും. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കായി ഉദ്യോഗാര്‍ത്ഥികളുള്ള എല്ലാ ജില്ലകളില്‍ നിന്നും സാധാരണ സര്‍വ്വീസുകള്‍ക്ക് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വ്വീസുകളും ക്രമീകരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ആര്‍.ടി.സി സോഷ്യല്‍ മീഡിയ സെല്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവന്‍ സംശയ നിവാരണത്തിനായി പ്രത്യേക വാട്‌സാപ്പ് ഹെല്‍പ്പ് ഡെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി ലഭിക്കുന്നതാണ്.