പെട്ടിമുടി ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇന്ന് വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നൽകുക.
കരിപ്പൂർ വിമനാപകടത്തിൽപെട്ടവർക്ക് 10 ലക്ഷം രൂപയും മൂന്നാറിലെ തൊഴിലാളികൾക്ക് 5 ലക്ഷം രൂപയും നൽകുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കും.

പെട്ടിമുടി ദുരന്തം കഴിഞ്ഞു 4 മാസത്തിനു ശേഷമാണു സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറുന്നത്. അപകടത്തിൽ മരിച്ച 44 പേരുടെ അനന്തരാവകശികൾക്കാണ് ആദ്യഘട്ടത്തിൽ സഹായം ലഭിക്കുക. മന്ത്രി എംഎം മണി 5 ലക്ഷം രൂപ കൈമാറും. അതേസമയം, കരിപ്പൂർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകുന്ന സർക്കാർ പെട്ടിമുടിയിലെ തൊഴിലാളികളോട് വിവേചനം കാണിക്കുന്നുവെന്നു കോൺഗ്രസ് ആരോപിച്ചു.

ദുരന്തത്തിൽ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികൾക്കും വൈകാതെ സഹായധനം നൽകും. എട്ട് കുടുംബങ്ങൾ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവർക്കായി മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. വീടുകൾ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.