ദേശീയപാതകൾക്ക് നാണക്കേടായി മാറുകയാണ് മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാത. ആറു വരിപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും നിലവിലെ പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ദേശീയപാത അതോറിറ്റി ഒരുക്കിയിട്ടില്ല. വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാണ്. എന്നാൽ, വെള്ളാനയായി മാറുന്ന കരാറു കമ്പനിയെ മാറ്റാനുള്ള നടപടിയും ദേശീയപാത അതോറിറ്റി സ്വീകരിച്ചിട്ടില്ല.

മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയുടെ പണിയുമായി ബന്ധപ്പെട്ട് ദേശീയ പാത അതൊറിറ്റിയും തൃശൂർ എക്‌സ്‌ചേഞ്ച് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചേർന്നാണ് കരാർ ഒപ്പിട്ടത്. നാല് ഘട്ടങ്ങളിലായി പണി പൂർത്തിയാക്കണമെന്നതായിരുന്നു കരാറിലെ വ്യവസ്ഥ.

2009 ഓഗസ്റ്റ് 24 ന്നാണ് നിർമ്മാണ കരാർ ഒപ്പിട്ടത്. കമ്പനി പലവട്ടം ഇതിൽ വീഴ്ച വരുത്തിയപ്പോഴും ദേശീയ പാത അതോറിറ്റി സമയം നീട്ടി നൽകി. സംസ്ഥാനത്തെ ആദ്യ ആറുവരി പാതയിലെ പ്രധാന ആകർഷണമായിരുന്നു കുതിരാനിലെ ഇരട്ട തുരങ്കം. 2009 ഓഗസ്റ്റ് 24 ന്ന് നിർമ്മാണ കരാർ ഒപ്പിടുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.

വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ഉള്ള യാത്രയ്ക്ക് സമാന്തര പാതകൾ ഒന്നും തന്നെ ഇല്ല. ഏറെ തിരക്കേറിയ കുതിരാൻ പാതയിലെ ഇടുങ്ങിയ റോഡുകളിൽ നിർമ്മാണം ആരംഭിച്ച ശേഷം കാര്യമായ അറ്റകുറ്റ പണികളും നടത്തിയിട്ടില്ല. വലിയ ചരക്ക് വാഹനങ്ങൾ കയറ്റത്തിൽ നിന്നുപോയാൽ, അശ്രദ്ധമായി ഒരു വാഹനം ഓവർ ടേക്ക് ചെയ്യുകയോ ചെയ്താൽ, ആയിരക്കണക്കിന് വാഹനങ്ങൾ ഗതാഗത കുരുക്കിലായി. സ്വകാര്യ ബസുകൾക്കും സ്ഥിരയാത്രക്കാർക്കും ഇന്ധന വിലയ്ക്ക് പുറമേ അറ്റകുറ്റ പണികൾക്കും വലിയൊരു തുക നീക്കി വയ്ക്കേണ്ടി വരുന്നു.

കുതിരാൻ റോഡിൽ പരമാവധി വീതി കൂട്ടി കുഴികളടച്ച് ടാറിടണം ഓവർ ടേകിംഗ് നിരോധികുന്നതും, പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതും അപകടങ്ങൾ കുറയ്ക്കാൻ സഹായകമാകും. എന്നാൽ, അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികൾ പോലും കുതിരാനിൽ നടപ്പിലാക്കിയിട്ടില്ല.

കഴിഞ്ഞ 11 വർഷത്തിനിടെ ദേശീയ പാതയിലെ അപകടങ്ങളിൽ പൊലിഞ്ഞ 245 ജീവനുകൾക്ക് ഉത്തരവാദികൾ ആരാണ്.
ദുരന്തങ്ങൾ ആവർത്തിക്കപെടുമ്പോഴും നടപടിയോ പരിഹാരമോ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യങ്ങൾക്കൊക്കെയും ഇനിയും ഉത്തരമില്ല.