കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയം. പുതിയ വിദ​ഗ്ധ സമിതി മുന്നോട്ടുവച്ച നിർദേശം കർഷക സംഘടനകൾ തള്ളി. അടുത്ത ചർച്ച ജനുവരി എട്ടിന് നടക്കും.

താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇത് അം​ഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതിയെന്നും താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇത് തള്ളിയതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് ജനുവരി എട്ടിന് വീണ്ടും ചർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു. നിയമം പിന്‍വലിക്കുന്നതല്ലാതെ മറ്റൊരു വിഷയത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് കിസാന്‍ സഭ അറിയിച്ചു. മറ്റന്നാള്‍ മുതല്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.