കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം സംസ്കരിച്ചു. കായംകുളത്തെ വീട്ടുവളപ്പിൽ വച്ചായിരുന്നു സംസ്കാരം. അച്ഛന്റെ അനുമജന്റെ മകനാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്.

ഭാര്യ, മക്കൾ, അമ്മ എന്നിവർക്കൊന്നും അവസാനമായി അനിൽ പനച്ചൂരാനെ കാണാൻ സാധിച്ചില്ല. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അർക്കും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല.

ഇന്നലെയാണ് അനിൽ പനച്ചൂരാൻ മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ അനിൽ പനച്ചൂരാനെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. നില വഷളായതോടെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ്‌ സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുമാണ് കേസ് ഫയൽ ചെയ്തതെന്നും കുടുംബം പറഞ്ഞിരുന്നു. തുടർന്ന് മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്ത് വന്നു.