വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ സെനറ്റ് ഭൂരിപക്ഷ നേതാവ് സെനറ്റര്‍ മിച്ച് മക്‌‌ക്കോണലിന്റെയും ഡെമോക്രാറ്റ് സ്പീക്കർ നാൻസി പെലോസിയുടെയും വീടുകൾ ഗ്രാഫിറ്റി ഉപയോഗിച്ച് വികൃതമാക്കിയതായി റിപ്പോര്‍ട്ട്. കെന്റക്കിയിലെ ലൂയിസ്‌വില്ലെയിലെ മിച്ച് മക്‌ക്കോണലിന്റെ വീടിന്റെ മുൻവാതിലിലും ജനലിലും ‘എന്റെ പണം എവിടെ’, ‘മിച്ച് ദരിദ്രരെ കൊല്ലുന്നു’ എന്ന ഗ്രാഫിറ്റിയാണ് കണ്ടത്.

ജനുവരി രണ്ടിന് പെലോസിയുടെ സൻഫ്രാൻസിസ്കോയിലുള്ള വീടിന്റെ പുറത്ത് ഒരു പന്നിയുടെ തലയും രക്തമെന്നു തോന്നിക്കുന്ന ചുവന്ന ചായവും കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാരേജ് വാതിലില്‍ ‘വാടക റദ്ദാക്കുക, ഞങ്ങള്‍ക്ക് എല്ലാം വേണം’ എന്ന ഗ്രാഫിറ്റിയും ഉണ്ടായിരുന്നു.
അമേരിക്കക്കാർക്ക് കോവിഡ് -19 ആശ്വാസ ധനമായ 2000 ഡോളര്‍ നല്‍കേണ്ടതില്ലെന്ന സെനറ്റര്‍ ഭൂരിപക്ഷ നേതാവ് മിച്ച്‌ മക്‌ക്കോണലിന്റെ ശാഠ്യമാണ് മുൻനിര റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് എന്നിവരുടെ വീടുകൾ ലക്ഷ്യമിട്ടതെന്ന് പറയുന്നു. ദീർഘകാലമായി കാത്തിരുന്ന 900 ബില്യൺ ഡോളർ കോവിഡ്-19 ആശ്വാസ ധന സഹായം ഡെമോക്രാറ്റിന്റെ നേതൃത്വത്തിലുള്ള ഹൗസ് ഓഫ് കോൺഗ്രസ് 600 ഡോളറിൽ നിന്ന് 2,000 ഡോളറായി ഉയർത്താൻ ക്രിസ്മസ് തലേന്ന് അംഗീകരിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സെനറ്റ് വർധനവിന് അംഗീകാരം നൽകിയില്ല.

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ രൂക്ഷമായ ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് അതിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ജനപ്രതിനിധിസഭയിലെ 275 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു, 134 പേർ എതിർത്തു.

പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് പ്രതിനിധികളും ഒരു വിഷയത്തിൽ യോജിപ്പോടെ പ്രവര്‍ത്തിച്ച ഒരു അപൂർവ സംഭവമായി അടയാളപ്പെടുത്തിയ ആ ബിൽ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷ നേതാവ് സെനറ്റര്‍ മിച്ച് മക്കോണെൽ നിഷേധിക്കുകയായിരുന്നു. സഹായം ആവശ്യമില്ലാത്ത ഡെമോക്രാറ്റുകളുടെ സമ്പന്നരായ സുഹൃത്തുക്കളുടെ കൈകളിലേക്ക് കൂടുതൽ പണം എത്തേണ്ടതില്ല എന്നാണ് മക്കോണൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതാണ് അവരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ഗ്രാഫിറ്റി ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

സംഭവത്തെക്കുറിച്ച് നഗരത്തിലെ പൊലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷിച്ചുവരികയാണെന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്തു