പട്‌ന: കൊവിഡ് വാക്‌സിനെ കുറിച്ച്‌ രാജ്യത്തെ ജനങ്ങളുടെ മനസില്‍ ആത്മവിശ്വാസം സൃഷ്‌ടിക്കാന്‍ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ബീഹാറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങളുടെ ആത്മവിശ്വാസം നേടാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോദി മാതൃകയാക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളും വാക്‌സിന്റെ ആദ്യ ഡോസുകള്‍ സ്വീകരിക്കണമെന്നും ശര്‍മ പറയുന്നു.

പുതുവര്‍ഷത്തില്‍ രണ്ട് വാക്‌സിനുകള്‍ ലഭിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിനെപ്പറ്റി സംശയമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍മ്മിച്ച വാക്‌സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. കൊവിഡ് വാക്‌സിനുകള്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും കോണ്‍ഗ്രസിന്റെ കാലത്താണ് സ്ഥാപിതമായതെന്ന് ബിജെപി നേതാക്കള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.