സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേൽനോട്ടത്തിൽ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കൊവിഡിനെതിരെ 100 ശതമാനം ഫലപ്രദമാനെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കോടി ഡോസ് വാക്‌സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, നിലവിൽ വാക്സിൻ കയറ്റുമതിക്ക് സർക്കാർ അനുമതിയില്ല. കയറ്റുമതിക്കുള്ള അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അനുമതി ലഭിച്ചാൽ 68 രാജ്യങ്ങളിലേയ്ക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ സാധിക്കും. മിനിട്ടിൽ 5000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ശേഷിയുണ്ടെന്നും അദാർ പൂനവാല പറഞ്ഞു.

 

കൊവിഷീൽഡിനൊപ്പം ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിനും സർക്കാർ അനുമതി നൽകിയിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. കോൺഗ്രസും സിപിഐഎമ്മും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. നടപടി അപക്വമെന്നായിരുന്നു ശശി തരൂർ എം പിയുടെ വിമർശനം.