കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതിനായ് ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ ഏജ് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറയുകയും ചെയ്തു നേതാക്കള്‍.

വിജയ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ല. യുവാക്കള്‍ക്ക് അവസരം നല്‍കിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോര്‍ട്ടാക്കി എഐസിസി നേതൃത്വത്തെ അറിയിക്കും. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് ഏജ് ഓഡിറ്റിംഗ് നടത്തും.