ഡല്‍ഹി: യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്‍ച്ചര്‍ ചെയ്തതായി ഐ.സി.എം.ആര്‍. ലബോറട്ടറിയിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ കോശത്തെ വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് കള്‍ച്ചര്‍. ലോകത്ത് മറ്റൊരു രാജ്യവും ജനിതകമാറ്റം വന്ന വൈറസിനെ കള്‍ച്ചര്‍ ചെയ്തിട്ടില്ലെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു.

‘യു.കെയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പുതിയ വൈറസ് വകഭേദത്തെ വിജയകരമായി വേര്‍തിരിച്ചെടുത്തത്’ -ഐ.സി.എം.ആര്‍ ട്വീറ്റില്‍ പറഞ്ഞു.

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദത്തെ കഴിഞ്ഞമാസത്തോടെയാണ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 70 ശതമാനത്തോളം വ്യാപനശേഷി കൂടിയതാണ് ജനിതക മാറ്റം സംഭവിച്ച വൈറസ്. ഇതേത്തുടര്‍ന്ന് ലോകത്തെങ്ങും ജാഗ്രത ശക്തമാക്കിയിരുന്നു.