മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകക്കേസില്‍ മൃതദേഹം കണ്ടെത്താനായുളള തെരച്ചില്‍ ഇന്നും തുടരും. ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് തെരച്ചില്‍ നടത്തുക. ദൃക്‌സാക്ഷികളുടെ അഭാവമുള്ളതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റിലാണ് ഇര്‍ഷാദിനെ കൊന്ന് തള്ളിയെതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ എട്ട് മണിക്കൂറോളമാണ് കിണറ്റില്‍ തെരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ സുഭാഷ്, എബിന്‍ എന്നിവര്‍ ഇന്നലെ കിണര്‍ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ജൂണ്‍ 11 നാണ് ഇര്‍ഷാദിനെ കാണാതായത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇര്‍ഷാദില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു ഇര്‍ഷാദിനെ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കൊന്നുതള്ളിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.