ഷാജീ രാമപുരം

ഡാലസ്: മനുഷ്യൻ സമൃദ്ധിയുടെ കാലഘട്ടങ്ങളിൽ ആയിരിക്കുമ്പോൾ പഴയ ജീവിത അനുഭവങ്ങളെ തിരിഞ്ഞു നോക്കി ദൈവം നടത്തിയ വഴികളെ സ്മരണകളായി നിലനിർത്തുവാനും അത്തരം സ്മരണകളെ പുതിയ തലമുറകളിലേക്ക് പകരുവാനും, ദൈവ നടത്തിപ്പിന്റെ സ്മാരകങ്ങൾ ഒളിപ്പിച്ചു വെയ്ക്കുവാനുള്ളതല്ലാ എന്നും  ഡാലസിലെ ഫാർമേഴ്‌സ്ബ്രാഞ്ച് മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തിൽ നടത്തിയ  കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു റവ.ഡോ.മോത്തി വർക്കി.

മറക്കേണ്ടതിനെ മറക്കുവാനും, ഓർക്കേണ്ടതിനെ ഓർക്കുവാനും പുതുവർഷം ദൈവവുമായുള്ള വ്യക്തിബന്ധത്തിന്റെ സ്മാരക ശിലകളായി നിലനിൽക്കുവാൻ മനുഷ്യർക്ക് സാധ്യമായിത്തീരണം എന്ന് മാർത്തോമ്മ സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി അധ്യാപകനും, പ്രമുഖ കൺവെൻഷൻ പ്രഭാഷകനും ആയ  റവ.ഡോ.മോത്തി വർക്കി ഉത്‌ബോധിപ്പിച്ചു.

ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹ വികാരി റവ.ബ്ലെസൻ കെ.മോൻ, ഇടവക മിഷൻ സെക്രട്ടറി സാം അലക്സ്, വൈസ്.പ്രസിഡന്റ് വി.എം തോമസ്, ട്രഷറാർ ഫിലിപ്പ് തോമസ്, പി.വി ജോൺ, പി.ടി മാത്യു, ശാന്തി സോമൻ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി. ജോർജ് വർഗീസിന്റെ നേതൃത്വത്തിലുള്ള ഇടവക മിഷന്റെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

കൺവെൻഷൻ ഡാലസ്  സമയം ഇന്ന് (ശനി) വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തോടുകൂടി സമാപിക്കും. ഓൺലൈൻ പ്ലാറ്റ്‌ ഫോം ആയ യൂട്യൂബിലൂടെയും, www.mtcfb.org എന്ന വെബ്സൈറ്റിലൂടെയും ഏവർക്കും ഈ സമ്മേളനത്തിൽ തത്സമയം പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.