തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 2020-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2021 ജനുവരി ഏഴ്,എട്ട്,11,12 എന്നിവയില്‍ സൗകര്യപ്രദമായ ഏതെങ്കിലും ഒരു ദിവസം നടത്തണം. തുടര്‍ന്ന് എത്രയും പെട്ടെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് അതാത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച്‌ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം , ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച്‌ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പല്‍ കൗണ്‍സിലുകളെ സംബന്ധിച്ച്‌ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച്‌ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിംഗ് കമ്മിറ്റികളും രൂപീകരിക്കണം.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം 2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങളിലെ പട്ടിക I പ്രകാരവും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച്‌ പട്ടിക II പ്രകാരവുമായിരിക്കണം. മുനിസിപ്പല്‍ കൗണ്‍സിലുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം 2000-ലെ കേരള മുനിസിപ്പാലിറ്റി (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങളിലെ പട്ടിക II പ്രകാരവും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം പട്ടിക-III പ്രകാരവുമായിരിക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളെ ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)/അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിനെ വരണാധികാരിയായി ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും കമ്മിറ്റി ചെയര്‍മാന്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരികളായി ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)/അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.