ഷിക്കാഗോ ∙ പൗരോഹിത്യ ശുശ്രൂഷയിൽ 40 സംവത്സരം പൂർത്തിയാക്കിയ റവ. ഫാ. ഏബ്രഹാം മുത്തോലത്ത് സാമൂഹ്യസേവനത്തിനും മിഷൻ പ്രവർത്തനത്തിനും നടത്തിവരുന്ന സാമ്പത്തിക സഹായം നിരന്തരം തുടരുന്നതിനു വേണ്ടി സ്ഥാപിച്ച “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷ“ന്റെ ഉദ്ഘാടനം ഷിക്കാഗോ സീറോമലബാർ രൂപതാദ്ധ്യധ്യക്ഷൻ മാർ ജേക്കബ്‌ അങ്ങാടിയാത്ത് നിർവ്വഹിച്ചു. തുടർന്ന് ഫൗണ്ടേഷന്റെ വെബ് സൈറ്റ് (www.frabrahamfoundation.org) സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ഡിസംബർ 19 ശനിയാഴ്ച വൈകിട്ട് 5:30ന് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനാ പള്ളിയിൽ, ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി സമ്മേളനത്തിൽ വച്ചാണ് പിതാക്കന്മാർ ഫൗണ്ടേഷനും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തത്. തനിക്കു പിതൃസ്വത്തായി ചേർപ്പുങ്കലിൽ ലഭിച്ച വിലപിടിപ്പുള്ള സ്ഥലം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കു കൈമാറിയ മുത്തോലത്തച്ചൻ അതോടനുബന്ധമായി കൂടുതൽ സ്ഥലം വാങ്ങി നൽകുകയും അവയിൽ അഗാപ്പെ ഭവൻ, ഗുഡ് സമരിറ്റൻ സെന്റർ, മുത്തോലത്ത് ഓഡിറ്റോറിയം, ഇമ്പാക്ട് സെന്റർ എന്നിവ സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

അന്ധബധിരരുടെയും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ച ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനുവേണ്ടിയുള്ളവയാണ് ഈ സ്ഥാപനങ്ങൾ. കോട്ടയം അതിരൂപതയുടെ മേൽനോട്ടത്തിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ മുൻ ഡയറക്ടറായിരുന്ന ഫാ. ഏബ്രഹാം മുത്തോലത്താണ് സ്വാശ്രയസംഘങ്ങളും ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സി.ബി.ആർ. (കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷൻ) പ്രോഗ്രാമുകളും കേരളത്തിൽ വിപുലമായ തോതിൽ ആദ്യം ആരംഭിച്ചത്. അപ്പോഴുണ്ടായ സൽ‌ഫലങ്ങളാണ് ഇത്തരം സേവനങ്ങൾക്കു സ്ഥിര സംവിധാനം തന്റെ ജന്മദേശത്തു തുടരുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് തന്റെ ആമുഖ സന്ദേശത്തിൽ മുത്തോലത്തച്ചൻ പ്രസ്താവിച്ചു. ചേർപ്പുങ്കലെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുത്തോലത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിപ്രായ പ്രകാരം കോട്ടയം അതിരൂപത “മുത്തോലത്തു നഗർ“ എന്നു നാമകരണം ചെയ്തു.