വാഷിങ്ടൻ∙ പന്ത്രണ്ട് മാസങ്ങൾ …പന്ത്രണ്ട് ചിത്രങ്ങൾ… ,കേരളത്തിന്റെ മനോഹാരിത ജലച്ഛായത്തിലൂടെ അമേരിക്കയിലെത്തിച്ച ജോർജ് ജേക്കബ് എന്ന യുവ ഐടി പ്രഫഷണലിന് ഇപ്പോൾ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. വാഷിങ്ടൺ ഡിസിയിലെ കേരളാ അസോസിയേഷൻ പുറത്തിറക്കിയ കലണ്ടറിലാണ് ജോർജ് ജേക്കബിന്റെ വാട്ടർ കളർ ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നത് .

കേരളത്തിന്റെ വശ്യ ഭംഗി ജലച്ചായത്തിലൂടെ വരച്ചു കാട്ടുക, മലയാളികളുടെ മനസ്സിൽ ഓർമ്മച്ചെപ്പ് തുറക്കുന്ന നമ്മുടെ നാടിന്റെ തുടിപ്പും സ്പന്ദനങ്ങളും ആവിഷ്‌കരിക്കുക എന്നത് ശ്രമകരമായ ജോലി തന്നെ ആയിരുന്നു എന്ന് കലണ്ടറിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും. ഇതിനായി നിരവധി ചിത്രങ്ങൾ വരയ്ക്കുകയും അതിൽ നിന്നും പന്ത്രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കുകയുമായിരുന്നു. ഓരോ ചിത്രങ്ങളും ഓരോ മാസത്തേയും പ്രതിനിധീകരിക്കുന്നവയാണ്.

അവയിൽ, മഴയുണ്ട്, പുഴയുണ്ട്, ഓണവും , ക്രിസ്തുമസും , വിഷുവും അങ്ങനെ മലയാളികൾ നെഞ്ചിലേറ്റുന്ന എല്ലാം ഉൾപ്പെടുത്തിയാണ് കലണ്ടർ ഒരുക്കിയിരിക്കുന്നത് .ഓരോ മാസവും മാറി വരുമ്പോൾ കേരളത്തിലെ അപ്പോഴത്തെ കാലാവസ്ഥയും ആഘോഷങ്ങളുമൊക്കെ ചിതങ്ങളിൽ കാണാം .നാടും വീടും വിട്ട് അമേരിക്കയിൽ കുടിയേറിയ മലയാളിയെ അവരുടെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ജോർജ് .
ആലപ്പുഴ ജില്ലയിൽ വെട്ടിയാർ സ്വദേശിയായ ജോർജ് ജേക്കബ് വളരെ ചെറുപ്പത്തിൽ തന്നെ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു .പക്ഷെ പഠന വഴിയിൽ ചിത്രകല മാറ്റിവച്ചു എൻജിനീയറിങ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു .തല്ക്കാലം ചിത്രകലയ്ക്ക് അവധി കൊടുത്തുവെങ്കിലും അമേരിക്കയിലെത്തിയ ശേഷം സജീവമായി വരയിലേക്കും കടക്കുകയാണ് ജോർജ് .അതും അത്ര ആർക്കും വഴങ്ങിക്കൊടുക്കാത്ത ജലച്ചായത്തിൽ .

“മറ്റു വർണ മാധ്യമങ്ങളെ അപേക്ഷിച്ചു ജലച്ചായത്തിനു ചില പ്രത്യേകതകൾ ഉണ്ട്. അതൊരിക്കലും പൂർണമായും ആർക്കും വഴങ്ങില്ല. അതിന്റെതായ ചില uncertinities ഇതിന്റെ കൂടെ പിറപ്പാണ്. തെറ്റുകൾ ഒരു പരിധി വിറ്റാൽ അവ തിരുത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഇത് ചിത്രകാരനെ മുൾമുനയിൽ നിർത്തുന്ന ഒരു അനുഭവും ഉണ്ടാക്കുന്നു. ഇതാണ് അതിന്റെ മനോഹാരിതയെ മാറ്റുകൂട്ടാൻ സഹായിക്കുന്നത്.അതുകൊണ്ടു തന്നെ ചിത്രത്തിന്റെ വിഷയങ്ങളും ഘടനയും അനുസരിച്ചു മുപ്പതു മിനിറ്റ് മുതൽ ഇരുപത് മണിക്കൂറുകളോളം ചിലവഴിക്കണ്ടിവരുന്നുണ്ട്.”