ആകാശം വല്ലാതെ ചുവന്നിരിക്കുന്നു. സൂര്യന് തീപിടിച്ച പോലെ..
ഭൂമിയിലേക്കും ചുവപ്പു പടർന്നു.വിറങ്ങലിച്ചു നിൽക്കുന്ന പ്രപഞ്ചം..
ഭയപ്പെടുത്തുന്ന നിശ്ശബ്ദത കൗരവ- പാണ്ഡവ പക്ഷ കൂടാരങ്ങളിലും നിറഞ്ഞു നിന്നു..
കുന്തിദേവിയുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് കുറ്റബോധത്തിന്റെയും നഷ്ടപ്പെടലിന്റെയും നിണമായിരുന്നു..
നെഞ്ചിൽ നിന്നും വാത്സല്യത്തിന്റെ ദുഗ്ദ്ധം നിറഞ്ഞൊഴുകി കണ്ണിലെ നിണവുമായി അലിഞ്ഞു ചേർന്നു…
ഇടനെഞ്ചു പൊട്ടുന്ന വേദനയാൽ മുഖം ഭൂമിയിലേക്ക് താണുപോയി…
സീതാദേവിയെ കൈകളിലെന്തി മറഞ്ഞ ഭൂമിദേവിക്ക് എന്നെക്കൂടി കൊണ്ടു പൊയ്ക്കൂടെ..
ആ മാതൃഹൃദയം അസഹനീയമായ വേദനയോടെ ആത്മഗതം ചെയ്തു..
ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റ് ചെയ്തിരിക്കുന്നു തന്റെ എല്ലാ മക്കളോടും..
പരിഹാരമില്ലാത്ത പാപത്തിലേക്ക് അഞ്ചുമക്കളെയും തള്ളിവിട്ടിരിക്കുന്നു..
തനിക്കൊരിക്കലും നീതി പുലർത്താൻ കഴിയാതെ പോയ മറ്റൊരാൾ കൂടി ഉണ്ട്..
തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്ന മറ്റൊരു നൊമ്പരം..
അവൾ എവിടെയാണ്?
ആ കണ്ണുകൾ അവളെ തിരയുന്നുണ്ടായിരുന്നു..
ദ്രൗപദിയെ..
നിന്റെ മനസ്സിന്റെ വിങ്ങൽ ഈ അമ്മയ്ക്ക് മനസ്സിലാവും..
ഇരിക്കുന്നിടത്തു നിന്നും ഒന്ന് ചലിക്കാൻ പോലും ഈ അമ്മയ്ക്ക് കഴിവില്ലാതായിരിക്കുന്നു…
ചുവന്ന ആകാശത്തിന് കീഴെ ദുഃഖം കീറി വരഞ്ഞ ഹൃദയവുമായി സരസ്വതീ നദിയിലേക്ക് കണ്ണും നട്ട് ദ്രുപദപുത്രി ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത് ആരും ശ്രദ്ധിച്ചതേ ഇല്ല..

എല്ലാവരും ദുഖത്തിൽ മാത്രമല്ല ചില ക്രൂരമായ സത്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ പെട്ട് ഉഴലുകയായിരുന്നു..
കദനഭാരത്താൽ കുമ്പിട്ട മിഴികളിൽ ഉരുണ്ടു കൂടാൻ ഒരു തുള്ളി കണ്ണുനീരു പോലും ഇല്ലായിരുന്നു..
കണ്ണുനീരു പോലും ഘനിഭവിച്ച് കണ്ണുകളിൽ ചിതയൊരുക്കിയിക്കുന്നു…

ആരാണ് ശരിക്കും ഞാൻ.. പാടിപ്പറയാൻ ഒരുപാടുള്ളവൾ..

ആരെങ്കിലും ഈ മനസ്സെന്താണെന്ന് ഇന്നുവരെ അറിഞ്ഞുവോ..
എല്ലാം അറിയുന്നു എന്ന് പറയുന്ന എന്റെ സഖൻ കൃഷ്ണനെങ്കിലും?
ഇന്ന് കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം ദിവസം…
അതിഗാത്രനായ കർണ്ണൻ.. മൂത്ത കൗന്തേയൻ.. എന്നിട്ടും രാധേയനായി ലോകം വാഴ്ത്തുന്ന വില്ലാളി വീരൻ വീരമൃത്യു വരിച്ച ദിവസം..
വീരമൃത്യുവായിരുന്നോ.. യുദ്ധ നീതിയെ വെല്ലുവിളിച്ച മനോഹരമായ ചതി ആയിരുന്നില്ലെ?
നിരായുധനായ കർണ്ണനെ അല്ലാതെ വില്ലു ധരിച്ച കർണ്ണനെ വധിക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നുള്ള ചതി..

കർണ്ണാ അങ്ങയെപ്പോലെ തന്നെയല്ലെ ഈ ദ്രൗപദിയും..
അങ്ങയെ തിരസ്കരിച്ചത് അപമാനം ഭയന്ന അമ്മയായിരുന്നു എങ്കിൽ പിതാവിനാൽ തിരസ്കൃതയായവളല്ലെ ഞാനും.
യഞ്ജ കുണ്ഠത്തിൽ നിന്നും ജനിച്ച എന്നെ ദ്രോണാചാര്യൻ എന്നസഹപാഠിയോടു പ്രതികാരം തീർക്കാൻ പുത്രനെ തേടിയ പാഞ്ചാല രാജാവിന് ആദ്യം പ്രത്യക്ഷപ്പെട്ട യാഗ്ജ്ഞസേന സ്വീകാര്യയാരുന്നില്ല..

അവിടെയും കൃഷ്ണന് തന്ത്രം പ്രയോഗിക്കേണ്ടി വന്നു ദ്രുപദനെന്ന എന്റെ പിതാവിന് എന്നെ അംഗീകരിക്കാൻ..
സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോല് ഒട്ടും തെറ്റാതെയുള്ള ഞാനെന്ന സൃഷ്ടി മാത്രമേ പരിപൂർണ്ണമായുള്ളു.
ദ്രൗപദിയുടെ ഒരു മുടിയിഴയ്ക്ക് പോലും ഏത് പുരുഷനിലും കാമം ഉണർത്താൻ കഴിവുള്ളതാണ്..
പലരുടെയും നെഞ്ചിലെ തീ…
പക്ഷെ… ഈ ദ്രൗപദി എന്താഗ്രഹിച്ചോ അതുമാത്രം ഒരിക്കലും നടന്നില്ല..
ദ്രൗപദിയിലെ സ്ത്രീ ഒരിക്കലും തൃപ്തയായിരുന്നില്ല..
മനസ്സ് നിറയെ സ്നേഹവും ബഹുമാനവും ആ പൗരുഷത്തോട് അടങ്ങാത്ത ആഗ്രഹവും ഉണ്ടായിട്ടും എന്നും വെറുപ്പും പരിഹാസവും പുറത്തു കാണിക്കേണ്ടി വന്നു കർണ്ണനോട്..
കേട്ടറിവിലൂടെ കണ്ടറിഞ്ഞ കർണ്ണനെ സ്വയംവര പന്തലിൽ സ്വന്തമാക്കാമെന്നു മോഹിച്ചു..
ഉള്ളന്റെ ഉള്ളി ആഹ്ലാദിച്ചിരുന്നു.. അർജ്ജുനനെക്കാൾ മികച്ച വില്ലാളി കർണ്ണനാണെന്നുള്ള തിരിച്ചറിവിന്റെ ആഹ്ലാദം…
അവിടെയും എന്റെ കണക്കുകൂട്ടലുകൾ തെറ്റി…
കർണ്ണൻ അംഗരാജാവാണെങ്കിലും സൂതപുത്രനാണെന്ന് ആക്ഷേപിച്ച് അപമാനിച്ചിറക്കി വിട്ടു ദ്രുപദൻ ..
തന്റെ പിതാവ്..
കൗന്തേയരിൽ ഒന്നാമനാകേണ്ടിയിരുന്ന കർണ്ണൻ..
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള ഒന്നുണ്ട്.
പാണ്ഡു മഹാരാജൻ വളരെ നല്ലവനും മഹാമനസ്കനും ആയിരുന്നു.
അന്ന് കുന്തീ മാതാവ് ദുർവ്വാസാവ് മഹർഷി കൊടുത്ത വരദാനത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്തു കൊണ്ടായിരിക്കും കർണ്ണന്റെ ജന്മരഹസ്യം വെളിപ്പെടുത്താതിരുന്നത്..

ആ അമ്മ മനസ്സിൽ ആദ്യപുത്രന്റെ മുഖം മാഞ്ഞിരുന്നോ?
അപമാനം ഭയന്ന് അറിവില്ലാ പ്രായത്തിൽ ചെയ്ത അപരാധം
ആ മനസ്സിനെ മുറിപ്പെടുത്തിയില്ലെ?

അറിവായപ്പോൾ ഭർത്താവിന്റെ അറിവോടെ ആയപ്പോൾ അത് ദിവ്യമായതെങ്ങനെ?..
എല്ലാം മുൻകൂട്ടി അറിയാൻ കഴിയുന്ന വ്യാസ പൈതാമഹനും എല്ലാം അറിഞ്ഞിട്ടും കണ്ണുകെട്ടി കളിച്ച ഭീഷ്മ പിതാമഹനും എങ്ങനെ സ്വയം ന്യായീകരിക്കാൻ കഴിയും?
കവച കുണ്ഡലങ്ങളോടെ രാജ കലയോടെ പിറന്ന ഉണ്ണി സൂതന് പിറന്നതല്ല എന്ന് സ്പഷ്ടമല്ലെ?.
ആയോധനത്തിൽ ചിട്ടയായ പഠനം ഇല്ലാതെ ഗുരുമുഖത്തു നിന്നല്ലാതെ ദ്രോണാചാര്യനെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച് സ്വയം പഠിച്ച പാഠങ്ങൾ
ഹസ്തിന പുരിയിലെ പരീക്ഷണ മൈതാനിയിൽ അവതരിപ്പിക്കാൻ അനുവദിക്കാതെ അധിക്ഷേപിക്കുമ്പോൾ കുന്തീ മാതാവിന്റെ നിസ്സഹായതയുടെ തീവ്രത തിരിച്ചറിഞ്ഞിട്ടും ഭീഷ്മ പിതാമഹൻ എന്തിനാണ് മൗനംഭജിച്ചത്?..
ദുർനടപടിക്കാരനായ ദുര്യോധന പക്ഷത്തേക്ക് കർണ്ണനെ എന്തിനാണ് നയിച്ചത്?
അവസാനമില്ലാത്ത ചോദ്യങ്ങൾ ദ്രൗപതിയുടെ ചിന്തകളെ കീറിമുറിച്ചു..
ഇന്ന് കോപത്താൽ കത്തിജ്വലിച്ചിട്ടെന്തു കാര്യം സൂര്യദേവാ..
നിഷ്കളങ്കയായ ഒരു പെൺകുട്ടി അറിവില്ലാതെ ചെയ്ത അവിവേകത്തിനെ സത്യം പാലിക്കൽ എന്ന പേരിൽ കളങ്കപ്പെടുത്തിയപ്പോൾ എവിടെ ആയിരുന്നു അങ്ങയുടെ ധാർമ്മികത?
ആരാണ് ധാർമ്മികൻ..അങ്ങോ?
അതോ ധർമ്മിഷ്ഠൻ എന്ന് പ്രശസ്തി നേടിയ യുധിഷ്ഠിരനോ? അതോ അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി സത്യം പാലിക്കാൻ വേണ്ടി നൈഷ്ഠിക ബ്രഹ്മചാരിയായ ഗംഗാദത്തൻ എന്നഭീഷ്മ പിതാമഹനോ?…
അല്ല സൂര്യ ദേവാ.. നിങ്ങളാരുമല്ല .. അതിനർഹൻ ഒരേ ഒരാളെ ഉള്ളു. അങ്ങയുടെ പുത്രൻ കർണ്ണൻ..
അങ്ങ് എങ്ങനെ ധർമ്മിഷ്ഠനാകും? നിഷ്കളങ്കയായ പെൺകുട്ടിയെ കളങ്കിതയാക്കി അപരാധിയാക്കിയത് എങ്ങനെ ധർമ്മമാകും?
പുത്ര നഷ്ടം സംഭവിച്ച അങ്ങയിലെ പിതാവിന്റെ താപവും അതിൽ നിന്നുണ്ടായ കോപവും എനിക്ക് മനസ്സിലാകുന്നുണ്ട്..
മൂലോകവും ചുട്ടെരിക്കാൻ അങ്ങേയ്ക്ക് ശക്തിയും ഉണ്ട്.
എങ്കിലും ചെയ്ത അപരാധത്തിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറും..
പിതാമഹൻ.. എവിടെയാണ് അങ്ങയിൽ ധർമ്മം?
വംശം നിലനിർത്താൻ വേണ്ടി മൂന്നു സഹോദരിമാരുടെ മനസ്സ് അറിയാതെ സ്വയംവര പന്തലിൽ നിന്നും അധികാരത്തിന്റെ മത്തിൽ പിടിച്ചിറക്കി കൊണ്ടു വന്ന് അനുജന് കാഴ്ചവച്ചതോ?.. അതോ അംബയെന്ന കുലാംഗനയെ അഗ്നിയിൽ വെന്ത് ശിഖണ്ഡിയായി പുനർജ്ജനിച്ച് അങ്ങയോട് പ്രതികാരം ചെയ്യാൻ പ്രാപ്തയാക്കിയതിനോ?..
അതോ കൗരവ സഭയിലെ നിറഞ്ഞ സദസ്സിൽ കുലവധു അപമാനിക്കപ്പെട്ടപ്പോൾ നിസ്സഹായനെപ്പോലെ തലകുനിച്ചിരുന്നതോ?
കർണ്ണനെ തിരിച്ചറിഞ്ഞിട്ടും അറിയില്ല എന്ന് നടിച്ച് നിരന്തരം അപമാനിച്ചതോ?..
ദ്രൗപദിയുടെ ഉള്ളം ജ്വലിച്ചു കൊണ്ടേ ഇരുന്നു..
പിന്നെ യുധിഷ്ഠിരൻ..
പുച്ഛം നിറഞ്ഞ ഒരു ഞരക്കം ഉള്ളിൽ നിന്നു പുറത്തേക്ക് തെറിച്ചു..
ഒരു നിമിഷം ഉള്ളിലെ തീയുടെ ചൂട് പുറത്തേക്കൊഴുകി..
അതിന് സൂര്യദേവന്റെ കോപത്തേക്കാൾ ചൂടുണ്ടായിരുന്നു..
കണ്ണുകളിൽ അഗ്നി ഗോളങ്ങൾ തിരയിളക്കി..

പ്രതീക്ഷകളുടെ ആഹ്ളാദം ഇല്ലാതാക്കി കർണ്ണൻ സ്വയംവര പന്തലിൽ നിന്ന് പോകുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെയും നിസ്സഹായതയോടെയും കണ്ടു നിൽക്കേണ്ടി വന്നതിന്റെ നീറ്റൽ ഇന്നും മാറിയിട്ടില്ല..
ഒടുവിൽ ആരൊക്കെയോ ചേർന്നൊരുക്കുന്ന പകിടക്കളത്തിലെ കരുവാണ് താനെന്നറിയാതെ ബ്രാഹ്മണ വേഷത്തിലെത്തിയ അർജ്ജുനനെ വരിച്ചു..
ഭിക്ഷ കിട്ടുന്നതെന്തും തുല്യമായ് ഭാഗിച്ചെടുക്കാനുള്ള മാതാവിന്റെ വാക്കുകൾക്കും തന്റെ ആത്മാഭിമാനത്തേക്കാൾ വിലയുണ്ടായിരുന്നു..
അങ്ങനെ താനും ഒരു ഭിക്ഷയായി..
അഞ്ചായി ഭാഗിക്കപ്പെട്ടു..
അവിടെയും ഒരു സ്ത്രീ എന്ന നിലയിൽ എന്തു നീതിയാണ് എനിക്ക് കിട്ടിയത്?..
എന്തേ എന്റെ മനസ്സ് എന്ന് ആരും തിരക്കിയില്ല..
ഒരാളെ വരിക്കുക, മറ്റൊരാളുടെ പട്ടമഹിഷി ആവുക..
തീർന്നില്ല അഞ്ചു പേർക്ക് കിടക്ക പങ്കിടുക..
വല്ലാത്ത പരീക്ഷണം.. അപമാനം.
തന്റെ സ്ത്രീത്വത്തിനു മുകളിലുള്ള കടന്നു കയറ്റം..ഈ അഞ്ചു പേരിൽ ആരായിരുന്നു തന്റെ മനസ്സിൽ..
എല്ലാവരും പറയും പോലെ അർജ്ജുനനോ?..
വീണ്ടും ആ പുച്ഛഭാവം.. ചിറികൾ കോട്ടി ദ്രൗപദി ചിരിച്ചു..
പൊട്ടി പൊട്ടി ചിരിക്കണം എന്നുണ്ടായിരുന്നു..
പാടില്ലല്ലോ?..
ഈരേഴു പതിനാലു ലോകങ്ങളും വിറങ്ങലിച്ചു നിൽക്കുകയല്ലെ?..
ഈ മനസ്സ് എന്നും ഒരാളയെ ആഗ്രഹിച്ചുള്ളു..
മനസ്സിൽ ഇരിപ്പിടം കൊടുത്തുള്ളു.. ഒരു സിംഹാസനമേ മനസ്സിലൊരുക്കിയുള്ളു.
ഒരാളുടെ മാത്രം പട്ടമഹിഷി സ്ഥാനം മാത്രമേ മനസ്സിൽ അലങ്കരിച്ചുള്ളു..

ഒരു സ്ത്രീയെ അഞ്ചു ശരീരങ്ങൾക്കു ഭാഗം വച്ചപ്പോൾ എവിടെ ആയിരുന്നു ധർമ്മ പുത്രരുടെ ധാർമ്മികത..
വെറും പണയ വസ്തുവായി എന്നെ മാറ്റിയപ്പോൾ എവിടെ ആയിരുന്നു ധർമ്മം?
അതികായന്മാർ ഉപവിഷ്ടരായ കുരു സദസ്സിലേക്ക് കുലസ്ത്രീയെ, കുലവധുവിനെ വലിച്ചിഴച്ചപ്പോൾ, ദുര്യോധനന്റെ ബലിഷ്ഠമായ തുടകളിൽ ആസനസ്ഥയാകാൻ ക്ഷണിച്ചപ്പോൾ, നികൃഷ്ഠനായ ദുശ്ശാസനൻ ചേല വലിച്ചഴിച്ച് അപമാനിച്ചപ്പോൾ,
തന്നെ ഈ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ കേണപേക്ഷിച്ചപ്പോൾ..
എവിടെ ആയിരുന്നു അങ്ങയുടെ ധർമ്മബോധം?
ഭീരുക്കളെപ്പോലെ തലകുനിച്ചിരുന്ന അഞ്ചു പേർ..

അവിടെയും സൗഹൃദത്തിന്റെ, കടപ്പാടിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടവന്റെ നിസ്സഹാത, കഠിനമായ വേദനയും രോഷവും നിഴലിച്ചത് കർണ്ണന്റെ മുഖത്തു മാത്രമായിരുന്നു..

ആ രോഷം, ധർമ്മ സങ്കടം നിങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു..
പൗരുഷം ഇല്ലാത്ത വെറും ഭീരുക്കളായ നിങ്ങളിലെ പുരുഷത്വം ഊതിത്തെളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു നിഷ്ഫലം എന്നറിഞ്ഞിട്ടും..
അന്ന് എന്നോടൊപ്പം കൃഷ്ണനെ സ്മരിച്ച ഒരാളെ ഉണ്ടാകൂ..
അന്യായത്തിന് കൂട്ടുനിൽക്കാനാവില്ല എന്ന് കാർക്കശ്യം പറഞ്ഞ് സുഹൃത്തിനോട് കലഹിച്ച ഒരാളേ ഉണ്ടായിരുന്നുള്ളു.
എവിടെയായിരുന്നു ധർമ്മപുത്രാ നിങ്ങളിലെ ധാർമ്മികത?

പാതാളത്തിലേക്ക് കൊഴിഞ്ഞു വീണ ദ്രൗപദിയുടെ മുടിയിഴയുടെ മാദകഗന്ധം പിൻതുടർന്ന വാസുകിയെന്ന പുരുഷ സർപ്പം തന്റെ ശരീരത്തിന്റെ അഴകളവുകളിൽ കാമം തേടിവന്ന് അതിക്രമിച്ച് ചുറ്റിവരിഞ്ഞപ്പോഴും രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായ അർജ്ജുനനു മുന്നിൽ ഈ ദ്രൗപദിയുടെ മാനം കാക്കാൻ ഒരു പുരുഷനെ ഉണ്ടായിരുന്നുള്ളു..
കർണ്ണനെന്ന വില്ലാളി വീരൻ..
പാഞ്ചാലി സ്വയം ചോദിച്ചു.
നീതി കിട്ടാതെ പോയത് തനിക്ക് മാത്രമാണോ?
തിരിച്ചറിയാതെ പോയത് തന്നെ മാത്രമാണോ?
കുലവധുക്കൾ എന്നപേര് ആലങ്കാരികം മാത്രമല്ലെ?
ഗാന്ധാരി മാതാവിനെ നോക്കൂ..
പതിവ്രതയായ കുലസ്ത്രീ.. കാഴ്ചയില്ലാത്ത ഭർത്താവിന് കാഴ്ചയാകേണ്ടതിന് പകരം കണ്ണുകൾ മൂടിക്കെട്ടി ഒരു ജീവിതം..
ഭർത്താവ് കാണാത്തതൊന്നും തനിക്കും വേണ്ടെന്ന് തീരുമാനം..
അതാണോ സത്യം..
ഒരിക്കലും അല്ല.. സ്ത്രീയുടെ നിസ്സഹായത..
അത് മാത്രമാണ് സത്യം.. അതുവരെ കണ്ട മനോഹാരിതകളെല്ലാം ഉപേക്ഷിക്കുക..
കുലമഹിമയുടെയും പ്രൗഢിയുടേയും പേരിൽ ബലിയാടാകാനുള്ളതായി തീർന്നു സ്ത്രീജന്മം..
അന്ധനായ ഭർത്താവിനെ ശുശ്രൂഷിക്കാതെ അദ്ദേഹത്തിന് കാഴ്ചയാകാതെ ഒരു ജീവിതകാലം..
ഹസ്തിനപുരി എന്ന വലിയ സാമ്രാജ്യത്തിനോട് പോരടിക്കാനുള്ള ശേഷി ഇല്ലായ്മ..
കാശി രാജാവിന്റെ മൂന്ന് പെൺമക്കളുടെ ദുര്യോഗം കൺമുന്നിൽ..
ഒരച്ഛന്റെ നിസ്സഹായത….
നിസ്സഹായനായ ഗാന്ധാര രാജാവിന്റെ മകൾ തന്റെ നിസ്സഹായതയ്ക്ക് സ്വയം നല്കിയ ശിക്ഷ..
ഈ ഭാരത വംശം മുഴുവൻ സ്ത്രീകളോട് അന്യായം മാത്രമല്ലെ ചെയ്തത്?
കർണ്ണാ.. ഈ ദ്രൗപദിയെ അങ്ങെങ്കിലും മനസ്സിലാക്കിയിരുന്നോ?..
സ്വന്തം മക്കൾ തമ്മിൽ തല്ലി മരിക്കുന്നത് താങ്ങാനാവാതെ കുന്തീ മാതാവ് അങ്ങയോട് സത്യം പറഞ്ഞപ്പോഴും ധർമ്മം വെടിയാൻ അങ്ങു തയാറായില്ല..
അപ്പോഴും ഈ ദ്രൗപദിയിലെ സ്വാർത്ഥത നീചമായി ചിന്തിച്ചു..
ഗൂഢമായി ആഹ്ലാദിച്ചു..
അങ്ങ് പാണ്ഡവ പക്ഷത്തേക്ക് കൂറുമാറിയാൽ പിന്നെ മൂത്ത പാണ്ഡവൻ താങ്കളാണ്..
ജ്യേഷ്ഠനായ താങ്കൾക്കവകാശപ്പെട്ടതാണ് സാമ്രാജ്യവും കിരീടവും ചെങ്കോലും..
ദുര്യോധനനോടൊപ്പം അങ്ങില്ലെങ്കിൽ ഭാരതയുദ്ധം എന്നൊന്ന് ഉണ്ടാവില്ല..
ഞാൻ പിന്നെ അങ്ങയുടെ പട്ടമഹഷി..
അർജ്ജുനനെ ഒഴിച്ചാരെയും കൊല്ലില്ല എന്ന് മാതാവിന് വാക്കു കൊടുത്തു.. പാണ്ഡവരെന്നും അഞ്ചു പേരുണ്ടാവുമെന്നും പറഞ്ഞു..
ഇത്രയും കാലം എല്ലാം അറിയാമായിരുന്നിട്ടും താൻ അപമാനിതനാകുന്നത് നോക്കി നിന്നപ്പോഴും തന്നെ ഒരുതവണയെങ്കിലും ആത്മാവിനോടു ചേർത്തു പുല്കി മകനെ എന്ന് വിളിക്കാത്ത അമ്മയെപ്പോലും താങ്കൾ വെറുത്തില്ല..
പകരം ആ കാലുകളിൽ നമസ്കരിച്ച് അമ്മയുടെ വാക്കുകൾ അനുസരിക്കാൻ കഴിയാത്തതിൽ മാപ്പു ചോദിച്ചു..
കർണ്ണാ അങ്ങേയ്ക്കല്ലാതെ ആർക്കാണതിനാവുക?
അപമാനത്തിന്റെ തീച്ചൂളയിൽ തലകുനിച്ച് ഉരുകി ഇല്ലാതെ ആയി നിന്നപ്പോൾ കരം പിടിച്ച് അംഗരാജാവാക്കിയ സുഹൃത്തിനെ എങ്ങനെ ചതിക്കാൻ കഴിയും കർണ്ണാ അങ്ങേയ്ക്ക്? അങ്ങയെപ്പോലെ നന്മയും ധർമ്മവും ഉള്ള ഒരാളെ ഞാനെങ്ങനെയാണ് മനസ്സിലെങ്കിലും പൂജിക്കാതിരിക്കുക?
കർണ്ണാ അങ്ങയുടെ മാതൃ-പിതൃ ഭക്തിയും എത്ര വലുതാണ്..
സൂര്യ നമസ്കാരവേളയിൽ ആര് എന്താവശ്യപ്പെട്ടാലും കൊടുക്കുന്ന അങ്ങയുടെ ദാനശീലത്തെപ്പോലും ചൂഷണം ചെയ്തില്ലെ ദേവേന്ദ്രൻ ..
സ്വന്തം മകനെ രക്ഷിക്കാനായി..
അങ്ങയെ വെല്ലാനാകില്ല എന്ന് വ്യക്തം..
കർണ്ണാ അങ്ങയുടെ ജന്മ രഹസ്യം ഇന്ന് പരസ്യമായ ഒരു രഹസ്യം ആണ്..
ഒരു രഹസ്യങ്ങൾക്കും അധികം ആയുസ്സില്ല.. രഹസ്യങ്ങളുടെ നിലവറയ്ക്ക്‌ ആരെയും രക്ഷിക്കാനും ആകില്ല..
പഞ്ച പാണ്ഡവർ എന്തിലും അങ്ങേയ്ക്ക് താഴെ ആണെങ്കിലും അങ്ങവരുടെ മൂത്ത ജ്യേഷ്ഠനാണെന്നറിഞ്ഞെങ്കിൽ ഒരിക്കലും ഈ ദിവസം വരില്ലായിരുന്നു..
എന്തു കൊണ്ട് അങ്ങയെക്കാണാൻ വന്ന ദിവസം കുന്തീ മാതാവിന് തന്റെ മറ്റു പുത്രന്മാരോടിത് പറയാൻ തോന്നിയില്ല..
പകിടക്കളത്തിലെ മറ്റൊരു കരുവായിരുന്നോ കുന്തീ മാതാവും..
ആ മാതൃഹൃദയത്തിന്റെ വിങ്ങൽ എത്രയായിരിക്കും കർണ്ണാ..
കർണ്ണാ… ഞാൻ ചിന്തിക്കുന്നത് മറ്റുള്ളവർക്കും ഒരു പക്ഷേ അങ്ങേയ്ക്കും തെറ്റായിരിക്കാം..
എന്നാൽ എന്നിലെ ചിന്തകൾ മാത്രമാണ് എന്റെ ശരികൾ..
അങ്ങ് ശരീരം ഉപേക്ഷിച്ചു എങ്കിലും ആത്മാവ് ഭൂമിവിട്ട് പോകാൻ ഇനിയും സമയം ഉണ്ട്.
അങ്ങയുടെ ശരീരം കത്തിയമരും വരെ അങ്ങെയ്ക്ക് ഇവിടം വിട്ടു പോകാനാകില്ല..
ഈ വേളയിലെങ്കിലും ഞാൻ അങ്ങയോടിതെല്ലാം പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്..
സരസ്വതീ നദിയിലെ ഓളങ്ങൾ നിലച്ചിരിക്കുന്നു..
മാരുതി പോലും വീശാൻ മറന്നിരിക്കുന്നു..
സൂര്യദേവന്റെ കോപം മാത്രം കത്തിനിൽക്കുന്നു..
മകന്റെ ശരീരം ചന്ദനമുട്ടിയിലും ചന്ദന തൈലത്തിലും കത്തിയമരുമ്പോൾ അങ്ങയുടെ കണ്ണുകളിൽ താപം ഉറഞ്ഞ് ഒരു തുള്ളിയായ് അടർന്നു വീഴട്ടെ..
പാപദോഷത്തിന്റെ പ്രായശ്ചിത്തമായി..
പഞ്ചപാണ്ഡവരും താപാഗ്നിയിൽ ഉരുകുകയാണ്..
ജ്യേഷ്ഠനെ കൊന്നതിന്റെ പാപക്കറ ഗംഗയിൽ കഴുകിയാൽ തീരുമോ..
ഒരു മകനെ നഷ്ടമായി.. മറ്റു മക്കളെ നേരിടാനാകാതെ കുന്തി മാതാവ്..
അവരുടെ ചോദ്യശരങ്ങളെ എങ്ങനെ നേരിടും?
ദ്രൗപദി ചോദിച്ചു .. കൃഷ്ണാ.. സഖേ.. അങ്ങ് എല്ലാം അറിയുന്നവനല്ല?..
പറയൂ ഇതെന്തു നീതിയാണ്?
കൃഷ്ണാ.. അങ്ങ് പറഞ്ഞത് ഞാനോർക്കുന്നു..
സഖീ നിന്നെപ്പോലെ പലരും പകിട കളത്തിലെ കരുക്കളാണെന്ന്..
ഭാരത വർഷത്തിലെ അനിവാര്യമായ മാറ്റത്തിന് വേണ്ടി ധർമ്മം പുനസ്ഥാപിക്കാൻ വേണ്ടിയാണ് കുരുക്ഷേത്രം ഒരുങ്ങുന്നതെന്ന്.
അധാർമ്മികതമാത്രം കൊണ്ട് എങ്ങനെ ധർമ്മം പുനസ്ഥാപിക്കാൻ..
അതിനായി താനുൾപ്പെടെ എത്ര സ്ത്രീകളുടെ ജന്മങ്ങൾ അടിയറവ് വയ്ക്കണം..
അപമാനിതരാകണം.
ഒരാളെ വരണമാല്യം ചാർത്തി സ്വയം വരിക്കുക, മറ്റൊരാളുടെ പട്ടമഹിഷീ പദം അലങ്കരിക്കുക, മറ്റു മൂന്നു പേരോടൊപ്പം കൂടി കിടക്ക പങ്കിടുക..
മനസ്സിൽ ഇവരാരുമല്ലാതെ ഒരാളെ കുടിയിരുത്തുക..
ദ്രൗപദിയുടെ ചുണ്ടിൽ പരിഹാസം കലർന്ന ഒരു ചിരി വിടർന്നു…
കർണ്ണാ… ഇന്ന് ഈ നിമിഷം അങ്ങയോട് ഞാൻ പറയുന്നു ഈ ദ്രുപദ പുത്രി ഒരാളെയെ സ്നേഹിച്ചിട്ടുള്ളു..
ഒരാളോടൊപ്പമേ ജീവിക്കാൻ ആഗ്രഹിച്ചുള്ളു..
അങ്ങയെ മാത്രം.. അങ്ങയോടൊപ്പം മാത്രം..
ഈ ഭാരത വംശം കണ്ട കറയറ്റ പൗരുഷത്തോടൊപ്പം..
സൂര്യതാപത്തിന്റെ ചൂടു കുറയുന്നതും ഘനീഭവിക്കുന്നതും നോക്കി ദ്രൗപദി അവിടെ തന്നെ ഇരുന്നു..
കർണ്ണനെന്ന പൗരുഷത്തെയും മനസ്സിൽ പേറി..