ബുറേവി ആശങ്കയൊഴിഞ്ഞ് സംസ്ഥാനം. കേരളത്തിലേക്ക് പ്രവേശിക്കുക ദുര്‍ബല ന്യൂനമര്‍ദ്ദമായെന്ന് പ്രവചനം. അതി തീവ്രന്യൂനമര്‍ദ്ദമായി മാറിയ ബൂറേവി മാന്നാര്‍ ഉള്‍ക്കടലില്‍ തന്നെ ശക്തി ക്ഷയിച്ച് തീവ്രന്യൂനമര്‍ദ്ദമാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ മാന്നാര്‍ കടലിടുക്കില്‍ തങ്ങുന്ന അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂര്‍ അവിടത്തന്നെ തുടരാനാണ് സാധ്യത. ശക്തി ക്ഷയിച്ച് തീവ്രന്യൂനമര്‍ദ്ദമായി രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ തമിഴ്നാട് തീരം തൊടും. അതും മണിക്കൂറില്‍ പരമാവധി 45 കിലോമീറ്ററില്‍ താഴെ വേഗതയില്‍. തമിഴ്‌നാടും പശ്ചിമഘട്ടവും കടന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന ന്യൂനമര്‍ദം ദുര്‍ബലമായിരിക്കും എന്നാണ് നിലവിലെ പ്രവചനം. കാറ്റിന്റെ വേഗം മണിക്കൂറില്‍ നാല്‍പതോ മുപ്പത് കിലോമീറ്ററിലൊ താഴെ ആയിരിക്കും. വടക്കന്‍ തിരുവനന്തപുരം വഴി, വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലില്‍ പ്രവേശിക്കുന്നതാണ് നിലവിലെ സഞ്ചാര പാത.

എന്നാല്‍, സഞ്ചരിക്കുന്ന മേഘക്കെട്ടുക്കള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് കാരണമാകും. പ്രത്യേകിച്ച് തെക്കന്‍ മലയോര മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്കായിരിക്കും സാധ്യത. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും,തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ബുറേവിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്നോണം സര്‍ക്കാര്‍ സ്വീകരിച്ച ജാഗ്രത നടപടികളും തുടരും.