പി.പി. ചെറിയാന്‍

സാൻഡിയാഗൊ (കലിഫോർണിയ) ∙ ഇന്ത്യൻ അമേരിക്കൻ ഡിഫൻസ് ആന്റ് ഏറോസ്പെയ്സ് ലീഡർ വിവേക് ലാൽ (51) യുഎസ്– ഇന്ത്യ , യുഎസ് – ജപ്പാൻ ബിസിനസ്സ് കൗൺസിൽ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടൻ ഡിസിയിലെ പല പ്രമുഖരേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും യുഎസ് – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവർത്തിച്ച ഇൻഡസ്ട്രി ആർക്കിടെക്റ്റ് എന്ന നിലയിൽ ഐക്യ കണ്ഠേന വിവേകിനെ തിരഞ്ഞെടുക്കുകയായിരുന്നു.

സമീപ കാലത്ത് യുഎസ് – ഇന്ത്യ ഡിഫൻസ് ട്രേയ്ഡ് 20 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപറേഷൻ സിഇഒയായി പ്രവർത്തിക്കുന്നു.

യുഎസ് കാബിനറ്റ് സെക്രട്ടറിയുടെ അഡ്‌വൈസറി റോളിൽ മേയ് 2018 ൽ രണ്ടു വർഷത്തേക്ക് വിവേകിനെ നിയമിച്ചിരുന്നു. ഇരുപാർട്ടികൾക്കും സുസമ്മതനായിരുന്നു വിവേക്. ലോക്ഹീഡ് മാർട്ടിൻ എയറനോട്ടിക്സ് ആന്റ് ബിസിനസ്സ് ഡവലപ്പ്മെന്റ് വൈസ് പ്രസിഡന്റായി 1996– 2018 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. എയ്റോ സ്പെയ്സ് രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച വിവേക് 2020 ൽ യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ ഗ്ലോബൽ ബോർഡ് ഡയറക്ടറായും പ്രവർത്തിക്കുന്നു.