രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ആണ് യോഗം. വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത്.

പത്ത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉള്ള പാര്‍ട്ടിയുടെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മറ്റുള്ള പാര്‍ട്ടി അംഗങ്ങള്‍ക്ക് സംസരിക്കാനുള്ള അവസരം ഉണ്ടാകില്ല. രാവിലെ 10.30 ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്യസഭയിലും ലോക്സഭയിലും ഉള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവര്‍ പങ്കെടുക്കും.

യോഗത്തില്‍ കൊവിഡ് സാഹചര്യം, വാക്സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ആകും ചര്‍ച്ചചെയ്യുക. രാജ്യത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്.