വയനാട്; ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വര്‍ദ്ധനവും കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെയുളള തെരഞ്ഞെടുപ്പ് പ്രചാരണവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ആവശ്യം. ആശുപത്രികളില്‍ വയോജനങ്ങളുടെയും ജീവിതശൈലിരോഗങ്ങള്‍ ഉള്ളവരുടെയും ഐ.സി.യു അഡ്മിഷന്‍ കൂടുകയാണ്്. ഇത് മരണ നിരക്ക് കൂടാന്‍ ഇടയാക്കും. ജില്ലയില്‍ വരുന്ന വിനോദസഞ്ചാരികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രായമായവരുമായോ മറ്റ് രോഗങ്ങള്‍ ഉള്ളവരുമായോ യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടാവാന്‍ പാടില്ല. ആദിവാസി കോളനികളില്‍ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക, മറ്റുള്ളവരില്‍ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക എന്നീ മുന്‍കരുതലുകളില്‍ വീഴ്ച വരുത്താന്‍ പാടില്ല. ആശുപത്രികളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടി ലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റീവായ ആളുകള്‍ വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്നതാണ് നല്ലത്. അവര്‍ കൃത്യമായി സമ്പര്‍ക്കരഹിത നിരീക്ഷണം പാലിക്കേണ്ടതും വീടുകളില്‍ പോസിറ്റീവ് അല്ലാത്ത ആളുകള്‍ക്ക് രോഗം പിടിപെടാന്‍ ഇടയാകാതെ നോക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു