ദില്ലി: ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുകൂല നീക്കവുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. കോവിഡിന് മുമ്പുള്ള അംഗീകൃത ശേഷിയുടെ 80 ശതമാനം സര്‍വീസ് നടത്താന്‍ ആഭ്യന്തര വിമാനക്കമ്പനികളെ അനുവദിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിലവില്‍ 70 ശതമാനം വിമാന സര്‍വീസുകളാണ് നടത്തിവരുന്നത്. നവംബര്‍ 30 വരെ ആഭ്യന്തര സര്‍വീസ് 2.52 ലക്ഷം വരെ ഉയര്‍ന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ വ്യക്തമാക്കി. ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് 80 ശതമാനം ശേഷിയോടെ അടിയന്തരമായി സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വിമാനയാത്രക്കുള്ള നിരക്ക് അതേ പടി തുടരും.
പ്രശാന്ത് കിഷോറിനെതിരായ പരാമര്‍ശത്തിലുടക്കി തൃണമൂല്‍: സുവേന്ദുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച്‌ ടിഎംസി

നേരത്തെ നവംബര്‍ 11നാണ് ആഭ്യന്തര വിമാന സര്‍വീസ് 60 ശതമാനത്തില്‍ നിന്ന് 70 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്ബുള്ള നിലയിലേക്ക് എത്തിക്കുമെന്ന് നേരത്തെ സിവില്‍ ഏവിയേഷന്‍ മന്ത്രി വ്യക്തമാക്കി. ഇത് സിവില്‍ ഏവിയേഷന്‍ പോസിറ്റീവായ പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സുഗമമാക്കുന്നതിന് ലോകമെമ്പാടും എയര്‍ ബബിള്‍ ക്രമീകരണം വിപുലീകരിക്കുന്നതിനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. നിലവില്‍ 22 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ ക്രമീകരണത്തില്‍ ഒപ്പുവച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍ – മെയ് 6 ന് ദൗത്യം ആരംഭിച്ചതിനുശേഷം 34 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. കുടുങ്ങിപ്പോയതും ദുരിതത്തിലായതുമായ പൗരന്മാരുടെ അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന് വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടമാണ് തുടര്‍ന്നുവരുന്നത്. തിരിച്ചയച്ച 34 ലക്ഷത്തില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും മാത്രം സൗകര്യമൊരുക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.